കൊല്ലം: കൊല്ലം നഗരത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദവും രാജ്യാന്തര നിലവാരത്തിലുള്ളതുമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സിന്റെ സഹകരണത്തോടെ നഗരസഭ സംഘടിപ്പിക്കുന്ന ത്രിദിന അർബൻ കോൺക്ലേവ് തുടങ്ങി.
ഹോട്ടൽ റാവിസിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. മേയർ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എസ്. അബ്ദുൾ നാസർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ്, എ.ഐ.യു.ഡി.ഐ പ്രസിഡന്റ് അനുരാഗ് ചൗള, സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ.ടി. രവീന്ദ്രൻ, പ്രൊഫ. യൂജിൻ പണ്ടാല, അനിൽ ജോർജ്ജ്, ഡോ. മനോജ് കുമാർ കിണി, പരവൂർ മുൻസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
സിംഗപ്പൂരിൽ നിന്നുള്ള ടായ് കെങ്ങ് സൂൻ വിദേശരാജ്യങ്ങളിലെ വികസന മാതൃകകളും അഹമ്മദാബാദ് സി.ഇ.പി.ടി ഡീൻ ഡോ. എ. ശ്രീവത്സൻ ചെന്നൈ നഗരത്തിന്റെ മാസ്റ്റർ പ്ലാനും അവതരിപ്പിച്ചു. ഐ.ഡി.യു.ഡി.ഐ വൈസ് പ്രസിഡന്റുമാരായ അരുണാദാസ് ഗുപ്ത, ഡോ. ബിലി മേനോൻ, കേരള ചാപ്റ്റർ സെക്രട്ടറി അൻജിത്ത് അഗസ്റ്റിൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സംസ്ഥാനത്ത് ആദ്യം സംസ്ഥാനത്ത് ആദ്യമായാണ് ദേശീയ അർബൻ ഡിസൈൻ കോൺക്ലേവ് നടക്കുന്നത്. സാധാരണ ഡൽഹി കേന്ദ്രീകരിച്ചാണ് ഇതു സംഘടിപ്പിച്ചിരുന്നത്. നഗരസഭയുടെ ഇടപെടലിനെ തുടർന്നാണ് കൊല്ലം വേദിയായത്. 25 വർഷത്തിനപ്പുറമുള്ള നഗരത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന വിദഗ്ധരുടെ സമ്മേളനത്തിന് നഗരസഭയ്ക്ക് ഒരു രൂപ പോലും ചെലവാകുന്നുമില്ല. സ്പോൺസർഷിപ്പിലൂടെയാണ് സംഘാടനത്തിനുള്ള പണം കണ്ടെത്തുന്നത്. നാളെ നഗരത്തിന് മാസ്റ്റർ പ്ലാൻ കൊല്ലം നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യം, ചരിത്രം, അടിസ്ഥാന സൗകര്യ വികസനം. ദുരന്ത നിവാരണം, മികച്ച നഗരഭരണം, ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം, ഗതാഗത ക്രമീകരണം എന്നിവ മുൻനിർത്തിയുള്ള മാസ്റ്റർ പ്ലാൻ നാളെ തയ്യാറാക്കും.