കൊല്ലം ∙ കെ.എം.എം.എൽ പൂർണമായി ഉപരോധിക്കുന്ന വിധത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ചിറ്റൂർ സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരം ആരംഭിച്ച് 51 ദിവസങ്ങൾ പിന്നിട്ടിട്ടും കമ്പനി മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെ തുടർന്ന് കെ.എം.എം.എൽ ഉപരോധവും ആരംഭിച്ചു. മരട് ഫ്ലാറ്റ് വിഷയത്തിൽ ഫ്ലാറ്റുകളിലെ താമസക്കാർക്ക് എല്ലാ സംരക്ഷണവും പ്രഖ്യാപിച്ച മുഖ്യമന്ത്രി ചിറ്റൂർ വിഷയത്തിൽ ഇടപെടാത്തത് ഖേദകരമാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 1 മണിക്കൂർ കെ.എം.എം.എൽ ഉപരോധിച്ചിരുന്നു. വരും ദിവസങ്ങളിൽ പുതിയ സമര മുറകളിലൂടെ സമരം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി ജനറൽ കൺവീനർ രാഗേഷ് നിർമൽ, ഹരി ചേന്നക്കര, രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.