photo
മഴ വെള്ളക്കെട്ടായി മാറിയ കരുനാഗപ്പള്ളി ബസ് സ്റ്റാന്റിന് തെക്കുവശമുള്ള റോഡ്

കരുനാഗപ്പള്ളി: മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതായതോടെ കരുനാഗപ്പള്ളി കെ.എസ്.ആർ.സി ബസ് സ്റ്റാൻഡും പരിസരവും വെള്ളക്കെട്ടിൽ. പല വ്യാപാരസ്ഥാനങ്ങളും കെട്ടിനിൽക്കുന്ന മഴവെള്ളം പമ്പ് ചെയ്താണ് പുറത്തേക്ക് ഒഴുക്കുന്നത്. ശക്തിയായി മഴപെയ്താൽ ടൗൺ പൂർണമായും തോടിന് സമാനമാകും. കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ 8 മാസമായി ടൗണിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നവീകരണം നടക്കുകയാണ്.

ഇതിന്റെ ഭാഗമായി തെക്കോട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള ഓട പൊളിച്ച ശേഷം പുതിയത് നിർമ്മിച്ചു. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഓട മണ്ണിട്ട് നികത്തി. ഇതോടെ ഇതു വഴിയുള്ള നീരൊഴുക്ക് നിലച്ചു. ടൗണിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ ഓടയിലേക്ക് ഒഴുക്കി വിടുന്നത് തടയുന്നതിനാണ് നഗരസഭയും ദേശീയപാതാ അധികൃതരും സംയുക്തമായി ഓട പൂർണ്ണമായും അടച്ചത്. പുതിയ ഓട സ്റ്റാൻഡിന് തെക്കുവശമുള്ള വീതികുറഞ്ഞ പഴയ ഓടയുമായും ബന്ധിപ്പിച്ചു. മഴ സമയത്ത് ടൗണിന്റെ വടക്ക് ഭാഗത്തു നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഓടയിലേക്ക് പ്രവേശിക്കുമ്പോൾ ഒഴുക്ക് തടസപ്പെടുന്നു. ഇതോടെ ഓട നിറഞ്ഞൊഴുകുന്ന വെള്ളമാണ് ടൗണിനെ വെള്ളക്കെട്ടിലാക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പും സ്റ്റേഷൻ മാസ്റ്ററുടെ പഴയ ഓഫീസുമടക്കം ഇപ്പോൾ വെള്ളക്കെട്ടിലമർന്ന നിലയിലാണ്.

സ്റ്റാൻഡിന്റെ തെക്കുഭാഗത്തുള്ള ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്താൽ നീരൊഴുക്ക് മെച്ചപ്പെടുത്താൻ കഴിയും. മാലിന്യം കലർന്ന ജലം റോഡിൽ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ ടൗണിലെ ജനജീവിതം ദുസഹമായി. മലിന ജനലത്തിൽ നിന്നുള്ള ദുർഗന്ധമാണ് ഏറെ ദുസഹം.ഓടയിലും റോഡിലും കെട്ടിനിൽക്കുന്ന മലിനജലം ഒഴുക്കിവിടുന്നതിനാവശ്യമായ നടപടികൾ ദേശീയപാതാ അധികൃതർ സ്വീകരിക്കണം

വ്യാപാരികൾ

പ്രശ്നത്തിന് കാരണം വീതിയില്ലാത്ത ഓട

ടൗണും പരിസരവും ദുർഗന്ധത്തിൽ

വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നു

ടൗണിലൂടെ വാഹനഗതാഗതം ദുഃസഹം

കാൽനടയാത്രികരും വലയുന്നു

വേണ്ടത് അടിയന്തര പരിഹാരം