പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് റോഡിന്റെ നവീകരണം ആരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. കൊല്ലം- തേനി ദേശീയപാതയേയും ചവറ-അടൂർ സംസ്ഥാന പാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡുകളാണ് കടപുഴ-കാരാളിമുക്ക് റോഡും കടപുഴ- വളഞ്ഞവരമ്പ്- കാരാളിമുക്ക് റോഡും. ഇതിൽ 6 കിലോമീറ്റർ നീളമുള്ള കടപുഴ കാരാളിമുക്ക് റോഡിന്റെ നവീകരണം മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഇവിടെ റോഡരികിൽ ഉണ്ടായിരുന്ന കൈയേറ്റങ്ങളും ഒഴിപ്പിച്ചുതുടങ്ങി.
എന്നാൽ 9 കിലോമീറ്റർ ദൂരം വരുന്ന കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിന്റെ നിർമ്മാണം ഈ ആഴ്ചയാണ് തുടങ്ങുവാൻ സാധിച്ചത്. കല്ലടയാറിനു സമാന്തരമായിട്ടാണ് റോഡ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവർക്കെല്ലാം റോഡിന്റെ നവീകരണംവലിയ ആശ്വാസമാകും. കടപുഴ ഭാഗത്തുനിന്ന് കലുങ്കുകളുടെയും പാർശ്വഭിത്തിയുടെയും നിർമ്മാണമാണ് ആരംഭിച്ചത്. സർവേ വിഭാഗം ജീവനക്കാർ റോഡിന്റെ സ്ഥലം അളന്നുതിരിച്ച് കല്ലുകളും സ്ഥാപിച്ചു. ഇനി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിക്കും. 2020 ജൂലൈ മാസത്തിന് മുമ്പ് ജോലികൾ പൂർത്തീകരിക്കണമെന്നാണ് ടെൻഡർ വ്യവസ്ഥ.
തകർച്ചയ്ക്ക് കാരണം മണൽ ലോറികൾ
കടപുഴ വളഞ്ഞവരമ്പ്-കാരാളിമുക്ക് റോഡിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണം മണൽ ലോറികളായിന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ച് വർഷങ്ങൾ മുമ്പുവരെ കല്ലടയാറ്റിൽ നിന്ന് ടൺ കണക്കിന് മമൽ കയറ്റിയ ലോറികൾ ഇതുവഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. നെൽവയലുകളിൽ നിന്ന് കുഴിച്ചെടുത്ത മണൽ കടത്തിയിരുന്നതും ഇതുവഴി തന്നെ. ഇതെല്ലാം റോഡിന്റെ തകർച്ചയ്ക്ക് വഴിതെളിച്ചു.
കൂടാതെ കഴിഞ്ഞ വർഷം ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റോഡിന്റെ മിക്കഭാഗങ്ങളും ഇടിഞ്ഞുതാണു. ഇതും തകർച്ചയ്ക്ക് ആക്കം കൂട്ടി.