rive
പുനലൂർ പേപ്പർ മില്ലിന് സമീപത്തെ ഉയരം കുറഞ്ഞ പഴയ തടയണയുടെ മുകളിലൂടെ വെളളം കവിഞ്ഞു ഒഴുകുന്നു

പുനലൂർ: വേനൽക്കാലത്ത് കല്ലടയാറ്റിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ ജലവിതരണം തടസപ്പെടാതിരിക്കാൻ പുVലൂരിലെ പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാഴായി. നാലുമാസം മുമ്പ് പുനലൂരിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കവേയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. മൂന്നുകോടിയോളം രൂപ ചെലവിൽ പേപ്പർമിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തുടർനടപടികൾ ഇല്ലാതായതോടെ പദ്ധതി പാളി.

വേനൽക്കാലത്ത് കല്ലടയാറ്റിലെ ജലനിരപ്പ് താഴുന്നത് ജലവിതരണത്തെ സാരമായി ബാധിക്കാറുണ്ട്. ഇത് തടയുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് മൺചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമ്മിക്കുകയാണ് പതിവ്. കാലവർഷം ആരംഭിക്കുമ്പോൾ ഈ ചാക്കുകൾ കുത്തൊഴുക്കിൽ ഒലിച്ചുപോകും. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഇത് തടയുന്നതിനാണ് തടയണയുടെ ഉയരം കോൺക്രീറ്റ് ചെയ്ത് വർദ്ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടടിയോളം ഉയരം വർദ്ധിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി.

തടസമായത് കാലവർഷം

കാലവർഷം ആരംഭിച്ചതോടെയാണ് പദ്ധതിയുടെ തുടർനടപടികൾ അനന്തമായി നീണ്ടത്. നിലവിൽ ജലവിതരണം കൃത്യമായി നടക്കുന്നതിനാൽ പദ്ധതിയെക്കുറിച്ച് കാര്യമായ ചർച്ച ഉണ്ടാകുന്നില്ല. വേനൽ കടുക്കുന്നതോടെ കല്ലടയാറ്റിലെ നെല്ലിപ്പള്ളിയിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന കിണറുകൾ തെളിയും. ഇതോടെ പമ്പിംഗ് തടസപ്പെടുന്ന അവസ്ഥയാകും. അപ്പോൾ മാത്രമാകും വിഷയം വീണ്ടും ചർച്ചയാകുന്നത്.

കാൽനൂറ്റാണ്ടായുള്ള പ്രതിസന്ധി

കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ സ്ഥിതി തുടരുകയാണ്. ഇതുമൂലം നഗരസഭാ പ്രദേശങ്ങളിലെ 35 വാർഡുകളിലെ കുടുംബങ്ങളും ടൗണിലെ വ്യാപാര സ്ഥാപനങ്ങളുമാണ് ഏറെ വലയുന്നത്. കൂടാതെ താലൂക്ക് ആശുപത്രിയിലെ രോഗികളും ഏറെ ദുരിതം അനുഭവിക്കണം. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ അധികൃതർ തയാറാകണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.