കൊല്ലം: ഹരിതകേരളം മിഷന്റെ പച്ചവിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്ര വളപ്പിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. കരുനാഗപ്പള്ളി ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ, കരുനാഗപ്പള്ളി നഗരസഭ, കൃഷി വകുപ്പ്, കരുനാഗപ്പള്ളി മോഡൽ ഹയർസെക്കൻഡറി സ്കൂൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലം ഒരുക്കിയത്. കുലശേഖരപുരം കൃഷി ഭവൻ വഴി വിത്തുകൾ ലഭ്യമാക്കുകയും ചെയ്തു. കരുനാഗപ്പള്ളി മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പരിപാലന ചുമതല ഏറ്റെടുത്തു.
തരിശായി കിടന്നിരുന്ന ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയ്ക്ക് പുറമേ ബന്ദിപ്പൂ, കരനെൽകൃഷി എന്നിവയും കൃഷി ചെയ്തു വരുന്നു. നഗരസഭ ചെയർപേഴ്സൺ ശോഭന, വൈസ് ചെയർമാൻ രവി, നഗരസഭാ പ്രതിനിധികൾ, ക്ഷേത്രം സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ, തൊഴിലുറപ്പ് പ്രതിനിധികൾ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്ക്, റിസോഴ്സ്പേഴ്സൺ രേഷ്മകൃഷ്ണൻ എന്നിവർ പങ്കെടുത്തു.