sn-college
കൊല്ലം എസ്.എൻ കോളേജിന്റെ പ്രധാന ഗേറ്റ് തുറന്നിടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ദേശീയപാത ഉപരോധിക്കുന്നു

കൊല്ലം: എസ്.എൻ കോളേജിലെ പ്രധാന ഗേറ്റ് അടയ്ക്കുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം. പ്രധാന ഗേറ്റ് മുഴുവൻ സമയവും തുറന്നിടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളല്ലാത്തവർ കോളേജ് പ്രവർത്തന സമയത്തും കാമ്പസിൽ കയറി പ്രശ്നം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നാണ് പ്രധാന ഗേറ്റ് രാവിലെ 10 മണിക്ക് ശേഷം അടച്ചിടാൻ തീരുമാനിച്ചത്. വൈകി വരുന്നവരെ തിരിച്ചറിയൽ കാർഡ് കാട്ടിയാൽ അകത്ത് പ്രവേശിപ്പിക്കാനും തീരുമാനിച്ചു.

കൊല്ലത്തെ മറ്റു കലാലയങ്ങളിലെല്ലാം രാവിലെ 10 മണിയ്ക്ക് ശേഷം പ്രധാനഗേറ്റ് അടച്ചിടുകയാണ് പതിവ്. അതനുസരിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രധാന ഗേറ്റ് പൂട്ടിയത്. എന്നാൽ ഇന്നലെ ഇതിനെതിരെ എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരും സംഘടിച്ച് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എസ്.എൻ കോളേജ് എസ്.എഫ്.ഐയുടെയും ശ്രീകുമാറിന്റെയും കലാലയമെന്ന മുദ്രാവാക്യം മുഴക്കി പ്രിൻസിപ്പലിനെ അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് കേളേജിന് മുന്നിലെ ദേശീയപാത ഉപരോധിച്ചതോടെ വാഹന ഗതാഗതവും ഏറെ സമയം തടസ്സപ്പെട്ടു. കോളേജ് അധികൃതർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും രംഗത്തെത്തി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. കോളേജ് അധികൃതർ ശക്തമായ നിലപാടിൽ ഉറച്ച് നിന്നതോടെ സി.പി.എം നേതാവായ സിൻഡിക്കേറ്റംഗവും പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു. എസ്.എഫ്.ഐ പ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോളേജിന് ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നായിരുന്നു സിൻഡിക്കേറ്റംഗത്തിന്റെ ഭീഷണി. ചില സി.പി.എം നേതാക്കളും ഇതേരീതിയിൽ സംസാരിച്ചുവത്രെ.

കൊല്ലത്തെ മറ്റു കലാലയങ്ങളിലെല്ലാം വൈകി എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. അവിടെ ഇതൊക്കെ പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരാണ് എസ്.എൻ കോളേജിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നതെന്നാണ് എസ്.എൻ കോളേജിലെ അദ്ധ്യാപകർ പറയുന്നത്. അവിടത്തെ ഗേറ്റ് തുറന്നിടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ എത്താറില്ല.

 ഗേറ്റിന് മുന്നിൽ ബൈക്കുകൾ നിരത്തിയും പ്രതിഷേധം

പ്രധാന ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഗേറ്റിനുമുന്നിൽ ബൈക്കുകൾ നിരത്തി വച്ച് പ്രതിഷേധിച്ചു. ഇതുമൂലം കോളേജ് വളപ്പിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടി. ആ സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒന്നിലും ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഓണാഘോഷവുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ള സംഘം കോളേജിൽ കടക്കാനുള്ള ശ്രമം തടയാൻ ഗേറ്റ് പൂട്ടിയിരുന്നു. അന്ന് അടച്ചിട്ട പ്രധാന ഗേറ്റ് ചാടിക്കടന്ന വിദ്യാർത്ഥികൾ ഗേറ്റിന് കേടുപാടുകൾ വരുത്തിയിരുന്നു. കോളേജിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിലിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. കോളേജ് മാനേജ്മെന്റിന്റെ തീരുമാന പ്രകാരമാണ് നിശ്ചിത സമയത്ത് പ്രധാന ഗേറ്റ് അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും പ്രധാനഗേറ്റ് അദ്ധ്യയന സമയത്ത് അടച്ചിടാനാണ് തീരുമാനമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇതിന്റെ പേരിൽ കോളേജിൽ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ 27 ന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവരുമെന്നും കോളേജ് അധികൃതർ പറഞ്ഞു.