കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ആധുനിക ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ, വന്ധ്യതാ നിവാരണ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം നിർവഹിക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടുകൂടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗവും ശിശുരോഗവിഭാഗവും തുടർന്നും കാര്യക്ഷമമായി പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നടപ്പിലാകും, 35.56 കോടി രൂപയുടെ പദ്ധതി
താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 35.56 കോടി രൂപയുടെ പദ്ധതികളാണ് ആശുപത്രിയിൽ നടപ്പിലാകാൻ പോകുന്നത്. പദ്ധതി പ്രകാരം 200 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കെട്ടിടസമുച്ചയം, രണ്ട് മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, ലാബുകൾ, സർജിക്കൽ ഐ.സി.യു, റേഡിയോളജി വിഭാഗം, നഴ്സുമാർക്ക് ഡോർമെറ്ററി സൗകര്യം, ആർ.എം.ഒ ക്വാട്ടേഴ്സ്, എക്സ് റേ യൂണിറ്റ്, സ്കാനിംഗ് സെന്റർ, കേന്ദ്രീകൃത വാതക സംവിധാനം തുടങ്ങിയവ ആശുപത്രിയിൽ സജ്ജമാകും.