കരുനാഗപ്പള്ളി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണം വിവിധ ചടങ്ങുകളോടെ നാടെങ്ങും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയനുകളിലും ശാഖകൾ കേന്ദ്രീകരിച്ചും ആചരണപരിപാടികൾ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിലും ശാഖകളിലും ഗുരുക്ഷേതങ്ങളിലും മഹാസമാധി സമുചിതമായി ആചരിച്ചു.
യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് കെ.സുശീലൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് യൂണിയനിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടന്നു യൂണിയൻ സെക്രട്ടറി എ. സോമരാജൻ മഹാസമാധി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കളരിക്കൽ സലിംകുമാർ, വനിതാസംഘം നേതാക്കളായ മണിഅമ്മ, മധുകുമാരി, സ്മിത, ഗീതാ ബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലികുളം സിബു എന്നിവർ നേതൃത്വം നൽകി.
ഗുരുഭാഗവത പാരായണം, മൗന പ്രാർത്ഥന, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. യൂണിന്റെ പരിധിയിൽ വരുന്ന 64 ശാഖകളിലും മഹാസമാധി ഭക്തിപൂർവം ആചരിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ ശാഖകളിൽ സന്ദർശനം നടത്തി. ശാഖകൾ കേന്ദ്രീകരിച്ച് ഗുരുദേവ ഭാഗവത പാരായണം, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം, മഹാസമാധി സമ്മേനം, പായസ വിതരണം, ഭവന സന്ദർശനം എന്നിവ നടന്നു.
ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് മഹാസമാധി ദിനാചരണം ആരംഭിച്ചത്. പുലർച്ചെ ഗുരുക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുപുഷ്പാജ്ഞലി, ഗുരുപൂജ എന്നിവ നടന്നു. രാവിലെ 9ന് ആരംഭിച്ച ഉപവാസ യജ്ഞം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മഹാസമാധി സന്ദേശം നൽകി. വൈകിട്ട് മഹാസമാധി ദിവ്യജ്യോതിക്കും പ്രാർത്ഥനയ്ക്കും ശേഷം ഭക്തർക്ക് അന്നദാനം നടത്തിയതോടെ ആചരണ പരിപാടികൾ അവസാനിച്ചു. ശാഖകളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ ഉപവാസ യജ്ഞത്തിൽ പങ്കെടുത്തു.