കരുനാഗപ്പള്ളി: വാഹനങ്ങൾക്കും കാൽനട യാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ തലവേദനയായ കരുനാഗപ്പള്ളി ടൗണിലെ വെള്ളക്കെട്ട് ഉടൻ അവസാനിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്നലെ (ശനി) തുടക്കമായി. ഓടകളുടെ സൗകര്യമില്ലായ്മയെ തുടർന്ന് ടൗൺ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ. ടൗണിന്റെ ഭാഗമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവുമാണ് വെള്ളക്കെട്ടിൽ അമർന്നിരുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പമ്പ് ചെയ്താണ് പലപ്പോഴും വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത.
ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ ലാലാജി ജംഗഷനിൽ നിന്ന് പണിക്കർ കടവിലേക്ക് പോകുന്ന റോഡ് ബ്ലോക്ക് ചെയ്തു കൊണ്ടാണ് ഓടകളുടെ നവീകരണം നടത്തിയത്. ജെ.സി.ബി ഉപയോഗിച്ച് ഓടയിലെ മണ്ണ് നീക്കം ചെയ്തു. ഇതോടൊപ്പം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ടുള്ള ഓടയിലെ സ്ലാബുകൾ മാറ്റിയ ശേഷം ജെ.സി.ബി ഉപയോഗിച്ച് ഓടയിൽ നീരൊഴുക്കിന് തടസം സൃഷ്ടിച്ചിരുന്ന മാലിന്യങ്ങം നീക്കം ചെയ്തു. മഴ വെള്ളം ഓടകൾ വഴി പള്ളിക്കലാറിലേക്ക് ഒഴുകി തുടങ്ങിയാൽ ടൗൺ വെള്ളക്കെട്ടിൽ നിന്നും പൂർണ്ണമായും മുക്തമാകും.
മഴ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ദേശീയപാതാ അധികൃതർ ഓടകൾ വൃത്തിയാക്കുന്നതിൽ കാണിച്ച അലംഭാവമാണ് ടൗൺ വെള്ളത്തിൽ മുങ്ങാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ടൗണിലെ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കി വിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.