കൊട്ടിയം: അഗ്നിബാധയിൽ കണ്ണനല്ലൂരിൽ പ്രവർത്തിച്ചിരുന്ന വ്യപാരസ്ഥാപനം ഭാഗികമായി കത്തിനശിച്ചു. ബി.എസ്.കെ ബേക്കറി ആൻഡ് ഫ്രൂട്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
രാത്രി പന്ത്രണ്ടര വരെ സ്ഥാപനം പ്രവർത്തിച്ചിരുന്നു. കട പൂട്ടി ഏതാനം നിമിഷങ്ങൾക്കുള്ളിലാണ് തീ പടർന്നുപിടിച്ചത്. കടയ്ക്ക് മുന്നിൽ പഴവർഗങ്ങളുടെ വിൽപ്പനയ്ക്കായി നിർമ്മിച്ച ഭാഗത്തേക്ക് വലിച്ചിട്ടുള്ള ഇലക്ട്രിക് വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കണ്ണനല്ലൂർ സെക്ഷൻ ഓഫീസിൽ നിന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിശ്ചേദിച്ചു. കൊല്ലത്ത് നിന്നും കുണ്ടറയിൽ നിന്നുമായി മൂന്ന് യൂണിറ്റ് അഗ്നിശമനാസംഘം എത്തിയാണ് തീ അണച്ചത്. കടയുടെ ഭിത്തികൾക്കും ഷട്ടറിനും ഫ്രിഡ്ജ്, ഫ്രീസർ അടക്കമുള്ള സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി.