നഗര വികസന കോൺക്ലേവ് ഇന്ന് സമാപിക്കും
കൊല്ലം: കൊല്ലം തോട് നവീകരണം 2020ൽ പൂർത്തിയാക്കുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെ കൊല്ലം കോർപറേഷൻ സംഘടിപ്പിച്ച അർബൻ ഡിസൈനേഴ്സ് മാസ്റ്റേഴ്സ് ത്രിദിന ദേശിയ സമ്മേളനത്തിന്റെ രണ്ടാം ദിനം പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊല്ലത്ത് മത്സ്യ സംസ്കരണം, ഉപോൽപ്പന്നം എന്നിവ ഉൾപ്പെടുന്ന ഫിഷ് ഹബ്ബ് സ്ഥാപിക്കും. അതിവേഗ റെയിൽപാത പൂർത്തിയാകുന്നതോടെ നഗരത്തിൽ നിന്നു മാറി പുതിയ റെയിൽവേ സ്റ്റേഷൻ വരും. ഗതാഗതം, പാർക്കിംഗ്, മാലിന്യ സംസ്കരണം എന്നീ മേഖലയിലും പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചു കൊണ്ടുള്ള അർഥവത്തായ വികസനമാണ് നടപ്പിലാക്കേണ്ടതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലം- കോട്ടപ്പുറം, കൊല്ലം - കോവളം ജലപാതകളുടെ നിർമ്മാണം കാര്യമായി പുരോഗമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഷ്ടമുടി, ശാസ്താംകോട്ട കായലുകൾ സംരക്ഷിക്കണമെന്ന് പ്രഫ. യൂജിൻ പണ്ടാല ആവശ്യപ്പെട്ടു. ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. കെ.ടി. രവീന്ദ്രൻ മോഡറേറ്ററായി. ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അനുരാഗ് ചൗള, മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, പ്രഫ. വി.കെ. രമേഷ്കുമാർ, ബിലി മേനോൻ, ഷൈനി വർഗീസ്, ശാരി സുരേഷ് എന്നിവർ പങ്കെടുത്തു.
ഐ.യു.ഡി.ഐ ദേശീയ സെക്രട്ടറി മനോജ്കുമാർ കിനി പ്രധാന നിർദേശങ്ങൾ അവതരിപ്പിച്ചു.
നിർദേശങ്ങളിൽ ചിലത്
* കൊല്ലം ഹെറിറ്റേജ് മാരിടൈം മ്യൂസിയം
* ദേശിങ്ങനാട് - ഓണാട്ടുകര ടൂറിസം സർക്യൂട്ട്
* കൊല്ലം ഐ.ടി പാർക്ക്
* നാഷണൽ ഡിസൈൻ ഹബ്
* ദേശീയ ലോ സ്കൂൾ
* മുണ്ടയ്ക്കൽ, ഇരവിപുരം മേഖലയിൽ കടൽ മത്സ്യ സംസ്കരണം പാർക്ക്
* നീണ്ടകര, ചവറ മേഖലയിൽ മത്സ്യ സംസ്കരണ പ്ലാന്റ്
* കൊല്ലം തുറമുഖ വികസനം
* കുണ്ടറയിലെ വ്യവസായങ്ങളുടെ പുനരുദ്ധാരണം
* പരമ്പരാഗത വാണിജ്യ കേന്ദ്രങ്ങളുടെ സംരക്ഷണം
* ഓച്ചിറയിൽ ഉത്തരവാദ വിനോദ സഞ്ചാരം
* ടി.എസ് കനാൽ വികസനം
* അഷ്ടമുടിയിൽ ജൈവവൈവിധ്യ പാർക്ക്
* വർക്കല തങ്കശേരി ടൂറിസം കോറിഡോർ
* മൺറോതുരുത്തിൽ സ്വദേശി ദർശൻ ടൂറിസം പദ്ധതി