sn-college

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ വിദ്യാർത്ഥി സംഘടനയുടെ പേരിൽ ഒരുസംഘം അക്രമികൾ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള എസ്.എൻ കോളേജുകളെ മാത്രം തിരഞ്ഞുപിടിച്ച് കാമ്പസിലെ വിദ്യാഭ്യാസാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തിനെതിരെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രതിഷേധിച്ചു. ഇടുക്കിയിലെ ശ്രീനാരായണ കോളേജിലും ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ അടുത്തിടെ വ്യാപക അക്രമം നടത്തിയിരുന്നു. കൊല്ലം എസ്.എൻ കോളേജിലെ പ്രധാന കവാടം അദ്ധ്യയന സമയത്ത് അടച്ചിടാനുള്ള കോളേജ് അധികൃതരുടെ നടപടിക്കെതിരെ വെള്ളിയാഴ്ച കോളേജിൽ അക്രമം കാട്ടിയതാണ് ഒടുവിലത്തെ സംഭവം. കൊല്ലത്തെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യയനം തുടങ്ങിക്കഴിഞ്ഞാൽ പ്രധാന കവാടം അടച്ചിടുകയാണ് പതിവ്. എസ്.എൻ കോളേജിലും ഇത് കർശനമാക്കിയതാണ് ഒരു വിഭാഗം വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. കോളേജുകളിൽ കൃത്യമായ സമയത്ത് അദ്ധ്യയനം നടത്തുകയും വിദ്യാർത്ഥികളുടെ ഹാജർ നില നിർബ്ബന്ധമാക്കണമെന്നും സർവകലാശാല പ്രത്യേകം നിഷ്ക്കർഷിച്ചിട്ടുള്ളതാണ്. അത് നടപ്പാക്കുകമാത്രമാണ് പ്രിൻസിപ്പൽ ചെയ്തതെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റിന്റെ ഏറ്റവും മികച്ച കോളേജായ കൊല്ലം എസ്.എൻ കോളേജിന് യു.ജി.സിയുടെ 'നാക് ' അക്രഡിറ്റേഷൻ ലഭിക്കേണ്ട സമയത്ത് ഇത് അട്ടിമറിയ്ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ നിരന്തരം നടത്തുന്ന അക്രമങ്ങൾ. ഇത് പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് ചേർന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ വിദ്യാർത്ഥി സംഘടനയുടെ കോളേജെന്നും രക്തസാക്ഷിയുടെ കോളേജെന്നും പറഞ്ഞ് ആക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ ശ്രീനാരായണീയർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയും ഗേറ്റ് അടയ്ക്കും

തിങ്കളാഴ്ചയും രാവിലെ 10 മണിയ്ക്ക് ശേഷം പ്രധാനഗേറ്റ് അടച്ചിടുമെന്ന് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ പറഞ്ഞു. രാവിലെ 9.30 നാണ് കോളേജിൽ അദ്ധ്യയനം തുടങ്ങുന്നത്. 10 മണി കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് കാട്ടിയാൽ ചെറിയ ഗേറ്റിലൂടെ ഉള്ളിൽ കടക്കാം. വിദ്യാർത്ഥികളല്ലാത്തവർ കോളേജിൽ സ്വൈരവിഹാരം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. ശ്രീനാരായണഗുരു സമാധി ദിനമായ ഇന്നലെയും കോളേജിൽ പ്രവേശിക്കാൻ 20 ഓളം പേരെത്തിയെങ്കിലും അവരെ അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല.

പൊലീസിൽ പരാതി നൽകി

വെള്ളിയാഴ്ച ഒരുവിഭാഗം വിദ്യാർത്ഥികൾ നടത്തിയ അക്രമസംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഇന്നലെ കൊല്ലം എ.സി.പിക്ക് പരാതി നൽകി. ഓണാഘോഷത്തോടനുബന്ധിച്ചും കോളേജിൽ ഒരുവിഭാഗം വിദ്യാർത്ഥികൾ അതിക്രമം കാട്ടുകയും പ്രധാനഗേറ്റിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലും അതിക്രമം ആവർത്തിച്ചു. രാഷ്ട്രീയ പ്രവർത്തനവും മുദ്യാവാക്യം വിളിയും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെയാണ് പ്രിൻസിപ്പൽ പരാതി നൽകിയത്.