പുനലൂർ: കെ.എസ്.ആർ.ടി.സി അടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന വനപാതയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം.തെന്മല ഗ്രാമപഞ്ചയത്തിലെ ഉപ്പുകുഴി-മാമ്പഴത്തറ-കുറവൻതാവളം വനപാതയാണ് യാത്രക്കാരുടെ പേടിസ്വപ്നമായത്. പുനലൂർ, പത്തനാപുരം ബസ് ഡിപ്പോകളിൽ നിന്ന് ചാലിയക്കര, ഉപ്പുകുഴി വഴി മാമ്പഴത്തറ, കുറവൻതാവളം തുടങ്ങിയ കാർഷിക, തോട്ടം മേഖലകളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. ഇവയ്ക്ക് മുന്നിലാണ് കാട്ടാനകൾ അടക്കം ഭീതിപരത്തുന്നത്.
കഴിഞ്ഞ ആഴ്ചയിലും പുനലൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ഒറ്റയാൻ മാർഗതടസം സൃഷ്ടിച്ചിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് സർവീസ് പുനരാരംഭിക്കാനായത്. അത്രയും നേരം ശ്വാസം അടക്കിപ്പിടിച്ചാണ് യാത്രക്കാരും ജീവനക്കാരും ബസിലിരുന്നത്. ഇരുചക്ര വാഹന യാത്രികരാണ് വന്യമൃഗങ്ങളുടെ ശല്യം കാരണം ഏറെ വലയുന്നത്. പലപ്പോഴും കാട്ടാനയെക്കണ്ട് വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയാണ് ഇവർ ചെയ്യുന്നത്. ആന വനത്തിനുള്ളിലേക്ക് കയറി പോയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഉടമകൾ തിരികെ വന്ന് ബൈക്കുകളെടുക്കുന്നത്. വനാതിർത്തിയോട് ചേർന്ന് മതിയായ അളവിൽ വൈദ്യുതി വേലികൾ ഇല്ലാത്തതും പലസ്ഥലങ്ങളിലും വേലികൾ തകർന്നതുമാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഭയക്കണം വനപാതയെ
കാട്ടാനകൾക്ക് പുറമെ പുലി, കാട്ടുപോത്ത്,കാട്ടു പന്നി അടക്കമുള്ളവ വന പാതയിൽ ഭീതി പരത്തുന്നുണ്ട്. കഴിഞ്ഞ വർഷം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ ഒരു ജീവനക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ജനങ്ങളുടെ ഭീതി വർദ്ധിച്ചത്.
കൂടാതെ ഉപ്പുകുഴി, മാമ്പഴത്തറ, കുറവൻതാവളം, ചെറുകടവ്, ഓലപ്പാറ അടക്കമുള്ള ജനവാസമേഖലയിൽ ഇറങ്ങിയ പുലി വളർത്തു മൃഗങ്ങളെ വ്യാപകമായി കടിച്ച് കൊന്നിരുന്നു. ഇതിനൊപ്പം വ്യാപക കൃഷിനാശവും മൃഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
വന്യമൃഗങ്ങളെ ഭയന്നാണ് വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ വർഷങ്ങളായി താമസിക്കുന്നത്. ഇപ്പോൾ വാഹന യാത്രപോലം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വൈദ്യുതി വേലി സ്ഥാപിച്ചാൽ വന്യമൃഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
ജി.ഗിരീഷ്‌കുമാർ, പ്രസിഡന്റ്,
എസ്.എൻ.ഡി.പി യോഗം
5662-ാംനമ്പർ ചാലിയക്കര ശാഖ