കൊല്ലം: നഗരത്തിലെ ബസ് ഷെൽട്ടറുകൾ ഹൈടെക് ആക്കുന്ന പദ്ധതി പ്രതിസന്ധിയിൽ. നഗരസഭ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഏജൻസി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിറുത്തി വച്ചിരിക്കുകയാണ്. പ്രാദേശിക എതിർപ്പുകളും ട്രേഡ് യൂണിയനുകൾ അമിതകൂലി ആവശ്യപ്പെടുന്നതുമാണ് പ്രശ്നം.
തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ബസ് ഷെൽട്ടറുകൾ ഹൈടെക്ക് ആക്കുന്നതിന്റെ കരാർ എടുത്തിരിക്കുന്നത്. ബസ് ഷെൽട്ടറുകൾ സ്വകാര്യ ഏജൻസി സ്വന്തം ചെലവിൽ ഹൈടെക്ക് ആക്കിയ ശേഷം പരസ്യങ്ങൾ സ്ഥാപിച്ച് ചെലവാകുന്ന പണം തിരികെപ്പിടിക്കുമെന്നായിരുന്നു വ്യവസ്ഥ.
വിവിധ സംഘടനകൾ അടക്കം സ്പോൺസർ ചെയ്തിട്ടുള്ള ബസ് ഷെൽട്ടറുകൾ നഗരസഭ ഏറ്റെടുത്ത് സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ നഗരസഭ വാക്ക് പാലിക്കുന്നില്ലെന്ന് സ്വകാര്യ ഏജൻസി അധികൃതർ പറയുന്നു. ബസ് ഷെൽട്ടർ നവീകരിക്കാനെത്തുമ്പോൾ പ്രദേശികമായി എതിർപ്പ് നേരിടേണ്ടി വരുന്നുവെന്നും നിർമ്മാണ സാമഗ്രികൾ ഇറക്കാൻ ട്രേഡ് യൂണിയൻ അമിതകൂലി ആവശ്യപ്പെടുന്നുവെന്നുമാണ് ഏജൻസി അധികൃതർ പറയുന്നത്.
ഹൈടെക്ക് ആക്കേണ്ടത് : 56
ഹൈടക്ക് ആയത്: 3
കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുമായി നഗരസഭ ഹൈടെക് ബസ് ഷെൽട്ടർ പദ്ധതിയുടെ കരാറൊപ്പിട്ടത്. ഒരു വർഷത്തിനുള്ളിൽ 56 ബസ് ഷെൽട്ടറുകൾ ഹൈടെക്ക് ആക്കാനിയിരുന്നു കരാർ. എന്നാൽ ഒൻപത് മാസം പിന്നിട്ടപ്പോൾ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ രണ്ട് ബസ് ഷെൽട്ടറും കരിക്കോട് ജംഗ്ഷനിലെ ഒരു ബസ് ഷെൽട്ടറും മാത്രമാണ് ഇതുവരെ ഹൈടെക്ക് ആക്കിയത്. എ.ആർ ക്യാമ്പ് ജംഗ്ഷനിൽ രണ്ട് ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. പുതിയവയൊന്നും ഏറ്റെടുക്കുന്നുമില്ല.
ഹൈടെക് ബസ് ഷെൽട്ടറിൽ
ഫ്രീ വൈഫൈ
സി.സി ടി.വി കാമറ
എഫ്.എം റേഡിയോ
എൽ.ഇ.ഡി ഡിസ്‌പ്ളേ
കുടിവെള്ളം
മികച്ച ഇരിപ്പിടങ്ങൾ
ഫാൻ
ബസ് ഷെൽട്ടറുകൾ തകരുന്നു
ബസ് ഷെൽട്ടറുകൾ ഹൈടെക്ക് ആക്കുന്നതിന്റെ കരാർ സ്വകാര്യ ഏജൻസിക്ക് നൽകിയതോടെ തകർച്ചയുടെ വക്കിലെത്തുന്നവയുടെ നവീകരണം പൂർണമായും നഗരസഭ നിറുത്തിവച്ചിരിക്കുകയാണ്. ഹൈസ്കൂൾ ജംഗ്ഷൻ, പോളയത്തോട്, താലൂക്ക് ഓഫീസ് തുടങ്ങിയ ഇടങ്ങളിലെയടക്കം ബസ് ഷെൽട്ടറുകളുടെ മേൽക്കൂരയും തൂണുകളും തകർന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.