കരുനാഗപ്പള്ളി: മനോദൗർബല്യമുള്ളയാളിന്റെ വെട്ടേറ്റ് സഹോദരിയുടെ ഭർത്താവിന് ദാരുണാന്ത്യം. തലയ്ക്ക് വെട്ടേറ്റ സഹോദരി ഗുരുതരാവസ്ഥയിൽ. തേവലക്കര കരിഞ്ചിമുക്കിന് സമീപം ഉഷസിൽ (നെടിയത്ത് വടക്കതിൽ) മോഹനൻപിള്ളയാണ് (55) കൊല്ലപ്പെട്ടത്. പന്മന ചോലപിള്ള വീട്ടിൽ ഗോപാലകൃഷ്ണപിള്ളയാണ് (45)പ്രതി.
ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിയുടെ സഹോദരി ഉഷാകുമാരിയ്ക്കാണ് (42)തലയ്ക്ക് വെട്ടേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഗോപാലകൃഷ്ണപിള്ള വർഷങ്ങളായി മനോദൗർബല്യത്തിന് ചികിത്സയിലാണ്. ആശുപത്രികളിൽ കൊണ്ടുപോകുന്നത് മോഹനൻപിള്ളയായിരുന്നു. ഓണത്തിന് ഒരുമാസത്തിന് മുമ്പും ഗോപാലകൃഷ്ണപിള്ള തിരുവനന്തപുരം മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. വയസ്സായ അമ്മ പൊന്നമ്മപ്പിള്ളയോടൊപ്പമാണ് ഗോപാലകൃഷ്ണപിള്ളയുടെ താമസം. യഥാസമയം മരുന്നു നൽകുന്നതിനും പരിചരിക്കുന്നതിനുമായി മോഹനൻപിള്ളയും ഭാര്യ ഉഷാകുമാരിയും ഒരു മാസമായി ഈ വീട്ടിൽ തങ്ങുകയായിരുന്നു. വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന മോഹനൻപിള്ള ഇന്നലെ രാവിലെ പുറത്തേക്ക് പോയിരുന്നു. രാവിലെ ഗോപാലകൃഷ്ണപിള്ള മാനസിക വിഭ്രാന്തി കാട്ടിത്തുടങ്ങി. ഉഷാകുമാരി വിവരം അറിയിച്ചതിനെ തുടർന്ന് മോഹനൻപിള്ള മടങ്ങിയെത്തി. മുറിയിൽ മോഹനൻപിള്ളയും ഗോപാലകൃഷ്ണപിള്ളയും തമ്മിൽ പിടിവലി നടന്നതായി ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞു. ഇതിനിടെ ഗോപാലകൃഷ്ണപിള്ള വെട്ടുകത്തി എടുത്ത് മോഹനൻപിള്ളയെ വെട്ടുകയായിരുന്നു. മുറിവേറ്റ് പുറത്തേയ്ക്ക് പാഞ്ഞ മോഹനൻപിള്ളയെ വീണ്ടും വെട്ടിയത് ഉഷാകുമാരി തടഞ്ഞു. ആ വെട്ട് ഉഷാകുമാരിയുടെ തലയ്ക്കാണ് ഏറ്റത്. സ്കൂട്ടറിൽ രക്ഷപ്പെടാൻവേണ്ടി അതു സ്റ്റാർട്ട് ചെയ്യുന്നതിനിടെ മറിഞ്ഞുവീണ മോഹനൻ പിള്ളയെ പിന്നാലെ എത്തിയ ഗോപാലകൃഷ്ണപിള്ള വെട്ടി കൊല്ലുകയായിരുന്നു. അതിനുശേഷം വെട്ടുകത്തിയും പിടിച്ചു നിന്ന ഗോപാലകൃഷ്ണപിള്ളയെ ചവറ സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി കസ്റ്റഡിയിലെടുത്തു. ഉഷാകുമാരിയെ നാട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബംഗളുരുവിൽ ബി.എ.എം.എസിന് പഠിക്കുന്ന ഒരു മകളുണ്ട്.