കൊല്ലം നഗരസഭയിലെ അഴിമതിക്കെതിരെ ഒക്ടോബർ നാലിന് മാർച്ച്
നഗരസഭ ആസ്ഥാനത്തേക്കുള്ള മാർച്ച് എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
കൊല്ലം: പി.എസ്.സി അഴിമതിയുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് പ്രഹസന അന്വേഷണം നടത്തി കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 25 മുതൽ 28 വരെ ജില്ലയിൽ ഒപ്പുശേഖരണം നടക്കും. ഒക്ടോബർ ഒന്നിന് ക്ലിഫ് ഹൗസ് മാർച്ച് നടത്തും.
കൊല്ലം നഗരസഭയിലെ അഴിമതിക്കെതിരെ ഒക്‌ടോബർ 4ന് കോർപ്പറേഷൻ ആസ്ഥാനത്തേക്ക് അഴിമതി വിരുദ്ധ മാർച്ച് നടത്തും. മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. ജിതിൻ ദേവ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, യുവമോർച്ച ജനറൽ സെക്രട്ടറിമാരായ വിഷ്‌ണു പട്ടത്താനം, അനീഷ് പാരിപ്പള്ളി എന്നിവർ സംസാരിച്ചു.