കുണ്ടറ: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് ലോകം മൂല്യം കൽപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം 2019-ാം നമ്പർ കുണ്ടറ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടാനുബന്ധിച്ച് കുണ്ടറ വ്യാപാരഭവനിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തിൽ കലഹങ്ങളും സംഘർഷങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിലാണ്. ഗുരുവിന്റെ ദർശനങ്ങൾ എല്ലാവരും ജാതിഭേദവും മത വിദ്വേഷവുമില്ലാതെ സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന ശാഖാ അംഗം കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം റെജില ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ സെക്രട്ടറി എൽ. അനിൽകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് ദൈവദശകം പാരായണ മത്സരം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു.