പുനലൂർ: കഞ്ചാവ് വിൽപ്പന കേസിൽ ജാമ്യത്തിൽ ജാമ്യത്തിൽ ഇറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. ഇളമാട് വേങ്ങൂർ ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രബോസാണ്(41) സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പത്തനാപുരം എക്സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ പുനലൂർ-കൊട്ടാരക്കര റൂട്ടിലെ കോട്ടവട്ടം ജംഗ്ഷനിലായിരുന്നു സംഭവം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാൻ ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
2017ൽ ഒന്നേ കാൽ കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. ആ കേസിൽ തടവ് ശിക്ഷയും ലഭിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും പിടിയിലായത്. പത്തനാപുരം എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, ഷാഡോ ടീമിലെ പ്രീവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി, അനിൽകുമാർ, അരുൺകുമാർ അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.