sndp1
എസ്.എൻ കോളേജിനെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ചേർന്ന എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുടെ യോഗം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

 തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് ആവശ്യം

 നാളെ നൂറുക്കണക്കിന് പേരെ പങ്കെടുപ്പിച്ച് കോളേജ് സംരക്ഷണ മാർച്ച്

കൊല്ലം: കൊല്ലം എസ്.എൻ കോളേജിനെ തകർക്കാൻ എസ്.എഫ്.ഐ നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ ജില്ലയിലെ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനം. കോളേജിനെ തകർക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ശക്തമായ തിരിച്ചടി കിട്ടുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ചൊവ്വാഴ്ച നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുക്കുന്ന കോളേജ് സംരക്ഷണ മാർച്ച് സംഘടിപ്പിക്കും. തുടർന്ന് യൂണിയൻ തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പിന്നീട് ശാഖാ തലത്തിൽ യോഗങ്ങൾ സംഘടിപ്പിച്ച് എസ്.എൻ കോളേജിൽ നടക്കുന്ന അക്രമസംഭവങ്ങൾ വിശദീകരിക്കും.

അച്ചടക്കവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ എടുക്കുന്ന തീരുമാനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാനും യോഗം തീരുമാനിച്ചു. സമരപരിപാടികൾ ഏകോപിപ്പിക്കാൻ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ ചെയർമാനും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ കൺവീനറായും എസ്.എൻ കോളേജ് സംരക്ഷണ സമിതിക്കും യോഗം രൂപം നൽകി.

കോളേജിന്റെ അക്കാദമിക് മുന്നേറ്റത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് എസ്.എഫ്.ഐ കുറച്ച് കാലമായി നടത്തുന്നതെന്ന് യൂണിയൻ ഭാരവാഹികളുടെ യോഗത്തിന്റെ ആമുഖ പ്രഭാഷണത്തിൽ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. നാക്കിന്റെ എ ഗ്രേഡ് ജില്ലയിൽ ഇപ്പോൾ കൊല്ലം എസ്.എൻ കോളേജിന് മാത്രമാണുള്ളത്. നാക്കിന്റെ പരിശോധനാ സംഘം വീണ്ടും വരാനിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഹാജരും കോളേജിന്റെ അച്ചടക്കവും മികച്ച ഗ്രേഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഉയർന്ന ഗ്രേഡ് ലഭിച്ചാലെ കോളേജിന്റെ വികസനത്തിന് യു.ജി.സിയുടെ ഫണ്ട് ലഭിക്കുകയുള്ളു. ഇത് നഷ്ടമാക്കുകയാണ് അക്രമികളുടെ ലക്ഷ്യം. പ്രിൻസിപ്പിലിന് നേരെ അസഭ്യവർഷം നടത്തുക, അനുവാദമില്ലാതെ ക്ലാസ് മുറികളിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കുക, ഗേറ്റ് തല്ലിപ്പൊളിക്കുക ഇങ്ങനെ അക്രമപരമ്പരകൾ നീളുന്നു. സംഘടനാ പ്രവർത്തനം നടത്താൻ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് എസ്.എഫ്.ഐ അതിക്രമങ്ങൾ കാട്ടിക്കൂട്ടുന്നത്.

ഒരുവട്ടം അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ നിരുപാധികം മാപ്പെഴുതി നൽകിയവർ വീണ്ടും അതിക്രമങ്ങൾ തുടരുകയാണ്. നഗരത്തിലെ മറ്റ് കോളേജുകളിലെല്ലാം ക്ലാസ് തുടങ്ങുമ്പോൾ ഗേറ്റ് അടയ്ക്കും. കൊല്ലം എസ്.എൻ കോളേജിൽ പ്രിൻസിപ്പൽ അര മണിക്കൂർ കൂടി അധികം നൽകുന്നുണ്ട്. പിന്നീടെത്തുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കുമ്പോൾ പ്രവേശിപ്പിക്കുന്നുണ്ട്. കോളേജിൽ പ്രവേശിക്കാൻ കഴിയാത്ത പുറത്തുള്ളവരാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഡോ. ജി. ജയദേവൻ പറഞ്ഞു.

മാതൃസംഘടനയുടെ പിന്തുണയോടെയാണ് എസ്.എഫ്.ഐ കോളേജിൽ അക്രമങ്ങൾ നടത്തുന്നതെന്ന് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. ശക്തമായ തിരിച്ചടി ലഭിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തണമെന്ന് കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പറഞ്ഞു. കോളേജിൽ അച്ചടക്കം നിലനിർത്തുന്നതിന് പ്രിൻസിപ്പലിന് എല്ലാവിധ പിന്തുയും നൽകണമെന്ന് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി വിശ്വംഭരൻ പറഞ്ഞു. നഗരത്തിലെ മറ്റ് കോളേജുകളിൽ ഗേറ്റ് അടയ്ക്കുന്നതിനെ എതിർക്കാത്തവർ എസ്.എൻ കോളേജിൽ മാത്രം പ്രശ്നം ഉണ്ടാക്കുന്നതിന്റെ ചേതോവികാരം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു.

നേരത്തെ എസ്.എൻ കോളേജിനെ തകർക്കാൻ ശ്രമിച്ചവർക്ക് തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകിയിരുന്നു. അതിന് സമാനമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.

ശാഖലാതലം വരെ ശക്തമായ സമരങ്ങളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കണമെന്നും കൊട്ടാരക്കര യൂണിയൻ പ്രവർത്തനങ്ങൾ തുടങ്ങിയതായും പ്രസിഡന്റ് സതീഷ് സത്യപാലൻ പറഞ്ഞു.
സമയം അതിക്രമിക്കാതെ തന്നെ പ്രതിരോധ സമരങ്ങൾ തുടങ്ങണമെന്ന് കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രനും എസ്.എൻ കോളേജിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ സി.പി.എമ്മിന്റെ അടവ് നയമാണെന്ന് ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷും പറഞ്ഞു.

കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കാവേരി രാമചന്ദ്രൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, കെ. സുധാകരൻ, ആനേപ്പിൽ എ.ഡി. രമേഷ്, നേതാജി ബി. രാജേന്ദ്രൻ, അഡ്വ. ഷേണാജി, ജി.ഡി.രാഖേഷ്, പ്രമോദ് കണ്ണൻ, ഇരവിപുരം സജീവൻ, പുണർതം പ്രദീപ്, ജി. രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.