പത്തനാപുരം: കുണ്ടയം മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന കൊടിമരത്തിന്റെ തൈലാധിവാസം തുടങ്ങി. 32 ഔഷധക്കൂട്ടുകൾ ചേർത്ത 1,200 കിലോ എണ്ണ നിറച്ച തോണിയിലാണ് തൈലാധിവാസം. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ശുഭ മുഹൂർത്തത്തിൽ പ്രത്യേകം പൂജിച്ച തൈലം കലശമാക്കി തോണിയിലെ തേക്ക് മരത്തിലേക്ക് തന്ത്രി കണ്ഠര് രാജീവര് അഭിഷേകം ചെയ്തു. മുഖ്യാതിഥികളായെത്തിയ കെ.ബി. ഗണേശ്കുമാർ എം.എൽ.എയും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും തൈലാധിവാസ ചടങ്ങിൽ പങ്കെടുത്തു. തൊടുപുഴ വേണുവൈദ്യന്റെ മേൽനോട്ടത്തിലാണ് വ്രതം നോറ്റ് തൈലം തയ്യാറാക്കിയത്.
44 അടി നീളമുള്ള തേക്കിൻതടി പത്തനംത്തിട്ട ചാലപ്പള്ളിയിൽ നിന്ന് കഴിഞ്ഞ ജൂൺ ആറിനാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചത്. ആറ് മാസക്കാലം എണ്ണത്തോണിയിൽ സൂക്ഷിച്ച ശേഷം ധ്വജപ്രതിഷ്ഠാ കർമ്മങ്ങൾ നടക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. വാമദേവൻ, സെക്രട്ടറി ബി. അനിൽകുമാർ,വൈസ് പ്രസിഡന്റ് എം.വി. സുനിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിച്ചു.