പത്തനാപുരം : സൂര്യകാന്തി പൂക്കൾ
കൊഴിഞ്ഞു തുടങ്ങി.ഉണങ്ങി നിൽക്കുന്ന സൂര്യകാന്തി വിത്തുകൾ വിളവെടുപ്പ് ആരംഭിച്ചു.നോക്കെത്താ ദൂരത്തോളം പരന്നുകടക്കുന്ന സൂര്യകാന്തിപ്പാടങ്ങളിൽ ഓണം കഴിഞ്ഞത് മുതലാണ് വിളവെടുപ്പ് തുടങ്ങിയത്.കമ്പിളി,സുന്ദരപാണ്ഡ്യപുരം,സൊറൈണ്ടൈ എന്നിവിടങ്ങളിലാണ് പൂക്കൾ വിളവെടുക്കാറായത്.പൂക്കുന്നത് മുതൽ ഒരു മാസത്തിലധികം പ്രഭ ചൊരിഞ്ഞ് സൂര്യനെ അഭിമുഖമായി നിന്ന സൂര്യകാന്തിപ്പൂക്കൾ സഞ്ചാരികളുടെ മനംകവർന്നിരുന്നു.നാലുമാസമാണ് സൂര്യകാന്തി കൃഷിയുടെ സമയം. എണ്ണയെടുക്കാനാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്.കൊഴുപ്പിന്റെ അംശമില്ലാത്ത സൂര്യകാന്തി എണ്ണ പാചകത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. കൃഷിയിടത്തിൽ നിന്ന് മുറിച്ചെടുക്കുന്ന പൂവ് യന്ത്രത്തിന്റെ സഹായത്തോടെ മെതിച്ച് എണ്ണക്കുരു വേർത്തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.വിദ്ദേശരാജ്യങ്ങളിലേക്ക് വരെ ഇവിടെ നിന്നും പൂക്കളും വിത്തുകളും കയറ്റി അയക്കുന്നുണ്ട്.പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടിയിൽ നിന്നും ഒരു സീസണിൽ പത്തിലധികം പൂക്കളാണ് ലഭിച്ചിരുന്നത്.നിരവധി സാധനങ്ങൾക്ക് അസംസ്കൃതവസ്തുവായ പൂക്കൾ വിളവെടുക്കാറായാൽ മൊത്തത്തിൽ വൻകിട കമ്പനികൾക്ക് വിൽക്കുകയാണ് പതിവ്.ഇത്തവണ നിരവധി ആളുകളാണ് സൂര്യകാന്തി കാണാൻ പൂപ്പാടങ്ങളിൽ എത്തിയിരുന്നത്.