കരുനാഗപ്പള്ളി : കേരഫെഡിലെ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് കേരഫെഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ലീവ് ഏകീകരണം നടപ്പാക്കുക, പ്ലാന്റ് നവീകരിക്കുക, പുതിയ പ്ലാന്റിന്റെ നിർമ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പുതിയകാവ് കേരഫെഡ് ഫാക്ടറിക്ക് സമീപം സംഘടിപ്പിച്ച സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ് പ്രകാശ് അനുശോചന പ്രമേയവും സതീശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.ജി. വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. പ്രകാശ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി. ദിവാകരൻ, സെക്രട്ടറി എ. അനിരുദ്ധൻ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, വി.പി. ജയപ്രകാശ് മേനോൻ, പി.എസ്. അബ്ദുൽ സലിം, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പി.ആർ. വസന്തൻ (പ്രസിഡന്റ്), കെ. മോഹനൻ, പി.കെ. പ്രസന്നൻ (വൈസ് പ്രസിഡന്റുമാർ), പി.ജി. വിജയകുമാർ (ജനറൽ സെക്രട്ടറി), എം. ബാബു, ഗിരീഷ് (ജോയിന്റ് സെക്രട്ടറിമാർ), ജെ. രവീന്ദ്രൻ ( ട്രഷറർ ), അനിൽകുമാർ, ഗിരീഷ് (കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.