കുണ്ടറ താലൂക്ക് ആശുപത്രിയിൽ കുഞ്ഞുപിറന്നത് 17 വർഷങ്ങൾക്ക് ശേഷം
പുതിയ ലേബർ റൂമിന്റെയും ഓപ്പറേഷൻ തിയേറ്ററിന്റെയും ഉദ്ഘാടനം ഇന്ന്
കുണ്ടറ: പതിനേഴ് വർഷത്തെ ഇടവേളയ്ക്കുശേഷം കുണ്ടറ താലൂക്ക് ആശുപത്രിയിലെ പ്രസവമുറിയിൽ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട സന്തോഷത്തിലാണ് ആശുപത്രി ജീവനക്കാരും നാട്ടുകാരും. പുനർനിർമ്മാണത്തിന് ശേഷം ഇന്ന് രാവിലെ 9.30ന് ആശുപത്രിയിലെ പ്രസവ മുറിയുടെയും ഓപ്പറേഷൻ തീയേറ്ററിന്റെയും ഉദ്ഘാടനം നിശ്ചയിച്ചിരുന്നതാണ്. ഇതിന്റെ ഒരുക്കങ്ങൾ നടന്നുവരുമ്പോഴാണ് നെടിയവിള സ്വദേശിനി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്രസവമുറിയുടെയും ഓപ്പറേഷൻ തീയേറ്ററിന്റെയും നിർമ്മാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിരുന്നു. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവും മറ്റ് തടസ്സങ്ങളും പറഞ്ഞ് ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കുണ്ടറയിലെ തന്നെ ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർ എത്തുകയും ശിശുരോഗ വിഭാഗം ഉൾപ്പെടെ പ്രവർത്തനമാരംഭിച്ചിട്ടും പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് ഉദ്ഘാടനം നടത്താൻ തീരുമാനമായത്. ഇപ്പോൾ തന്നെ ഗൈനക്കോളജി വിഭാഗത്തിൽ നിരവധി പേർ ചികിത്സയ്ക്ക് എത്തുന്നുണ്ട്.
ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും പ്രസവവേദനയുമായി എത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയിലേക്കോ കുണ്ടറയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്കേ വിടുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. പ്രസവ മുറിയുടെ ഉദ്ഘാടനം നടക്കുന്നതോടെ നിരവധി സാധാരണക്കാർക്കാണ് പ്രയോജനപ്പെടുക.
നീണ്ട ഇടവേളയ്ക്ക് ശേഷം ആശുപത്രിയിൽ നടന്ന പ്രസവം ആഘോഷമാക്കിയിരിക്കുകയാണ് ജീവനക്കാരും നാട്ടുകാരും. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
ഉദ്ഘാടനം ഇന്ന്
കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ആധുനിക ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, വന്ധ്യതാ നിവാരണ ക്ളിനിക് എന്നിവിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ജെ. മേഴസിക്കുട്ടിഅമ്മ നിർവഹിക്കും. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും.