photo
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ

യാത്രക്കാർ: 6000ത്തോളം

ടിക്കറ്റ് കൗണ്ടറുകൾ: 3

പ്രവർത്തിക്കുന്നത്: 1

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി ഇവിടെ മൂന്ന് ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ ബാഹുല്യവും കൗണ്ടറിന്റെ അപര്യാപ്തയും പലപ്പോഴും സമയത്ത് ടിക്കറ്റ് ലഭിക്കാറില്ല. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

പുലർച്ചെ മുതൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ യാത്രകാരുടെ നീണ്ട ക്യൂവാണ്. ട്രെയിൻ സ്റ്റേഷനിൽ എത്തിയാലും ടിക്കറ്റ് ലഭിക്കാത്തതിനാൽ ഉദ്ദേശിച്ച ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്തവരുടെ എണ്ണം കൂടി വരുകയാണെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി ഒരു ടിക്കറ്റ് കൗണ്ടർ കൂടി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 6000ത്തോളം യാത്രക്കാരാണ് ദിവസവും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൗണ്ടർ തുറന്ന് പ്രവർത്തിപ്പാക്കാത്തതെന്നാണ് യാത്രക്കാരുടെ പരാതി.

സീസൺ ടിക്കറ്റും ഇതേ കൗണ്ടറിൽ

യാത്രാ ടിക്കറ്റ് നൽകുന്ന അതേ കൗണ്ടർ വഴിയാണ് സീസൺ ടിക്കറ്റും നൽകുന്നത്. ദിവസവും 300 ഓളം സീസൺ ടിക്കറ്റുകൾ ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്. സീസൺ ടിക്കറ്റുകൾക്ക് മാത്രമായി രാവിലെ മുതൽ ഉച്ചവരെ രണ്ടാമത്തെ കൗണ്ടർ തുറന്ന് പ്രവർത്തിപ്പിച്ചാൽ യാത്രാ ടിക്കറ്റുകൾ നൽകുന്ന സ്ഥലത്തെ തിരക്ക് കുറയ്ക്കാൻ കഴിയും.

ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. സമയത്ത് ടിക്കറ്റ് ലഭിക്കാത്തതിൽ പലപ്പോഴും ഉദ്ദേശിച്ച ട്രെയിനിൽ യാത്രചെയ്യാനാകുന്നില്ല.

റെയിൽവേയുടെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ മാത്രം ഉണ്ടാകുന്നില്ല.

റെയിൽവേ ആക്ഷൻ കൗൺസിൽ