കൊല്ലം: സമയോചിതമായി പ്രവർത്തിച്ച് ബാലികയെ രക്ഷിച്ച പൊലീസുകാരന് 24 മണിക്കൂറിനുള്ളിൽ ഡി.ജി.പിയുടെ അംഗീകാരം. കൊല്ലം റെയിൽവേ പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഡി.ജോസിനാണ് അംഗീകാരം.
രണ്ടു ദിവസം മുൻപ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ഒറ്റയ്ക്കു കണ്ട പതിനൊന്നുകാരി അപകടത്തിൽ ചാടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടായിരുന്നു ജോസിന്റെ ഇടപെടൽ. പെൺകുട്ടിയോട് ജോസ് വിവരങ്ങൾ തിരക്കി. അപ്പുറത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന അച്ഛനെ കാണാൻ പോകുന്നെന്ന് പറഞ്ഞ് പെൺകുട്ടി നടന്നുപോയെങ്കിലും അത് വിശ്വസിക്കാതെ പിന്തുടർന്ന പൊലീസുകാരൻ അവിടെ കുട്ടിയുടെ അച്ഛനില്ലെന്ന് മനസിലാക്കി. പെൺകുട്ടിയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചു. ഓണ പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ നാടുവിടുകയായിരുന്നു ലക്ഷ്യം. ഉടൻ ഫോണിൽ വിവരം അറിയിച്ച് രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൂടെ അയയ്ക്കുകയായിരുന്നു.
പതിനൊന്നുകാരി ട്രെയിനിൽ കയറി ഒറ്റപ്പെട്ടു പോയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിലയിരുത്തിയ കൊല്ലം എ.സി.പി എ. പ്രദീപ്കുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മുഖേന സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. പൊലീസുകാരന്റെ നിരീക്ഷണ പാടവത്തെയും പെൺകുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിനെയും പ്രകീർത്തിച്ച ഡി.ജി.പി മറ്റ് പൊലീസുകാരും ഇത് മാതൃകയാക്കാൻ അനുമോദന കത്തും 1500 രൂപ കാഷ് അവാർഡും ഉടൻ അനുവദിക്കുകയായിരുന്നു