light
clipart

കൊല്ലം: കൊല്ലം കർബല ജംഗ്ഷനിൽ നിന്ന് സന്ധ്യ കഴിഞ്ഞ് ചെമ്മാംമുക്കിലേക്ക് പോകുന്നവർ ഒന്ന് പേടിക്കും. കാരണം തെരുവ് വിളക്കുകൾ തെളിയാത്തതിനാൽ മാസങ്ങളായി കുറ്റാകൂരിരുട്ടിലാണ് ഇവിടം. വാർഡ് കൗൺസിലർ കൗൺസിലിൽ ഉൾപ്പെടെ നിരവധി തവണ ബന്ധപ്പെട്ടവരെ സ്ഥിതി അറിയിച്ചിട്ടും കേടായ വിളക്കുകൾ തെളിയിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

 ഭീതിയോടെ ജനങ്ങൾ

റെയിൽവേ സ്റ്റേഷന് സമീപത്തുകൂടി പോകുന്ന കർബല റോഡിന്റെ ഒരുവശം മുഴുവൻ കാടുപിടിച്ച നിലയിലാണ്. സ്ത്രീകൾക്ക് ഒറ്റയ്‌ക്ക് സഞ്ചരിക്കാൻ യാതൊരു സുരക്ഷിതത്വവും ഇവിടെയില്ല. ഇതേ ഗതിയാണ് കർബലയിൽ നിന്ന് ശാരദാമഠം വരെയുള്ള റോഡിന്റെയും ക്യു.എ.സി റോഡിന്റെയും അവസ്ഥ. ജോലി കഴിഞ്ഞ് താമസിച്ച് മടങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ഇരുട്ടിന്റെ മറവിൽ ആരെങ്കിലും ആക്രമിക്കുമെന്ന ഭീതിയിലാണ് ഇവർ ദിവസേന സഞ്ചരിക്കുന്നത്.

 എങ്ങുമെത്താത്ത ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി

സെപ്‌തംബർ ആദ്യവാരത്തോടെ 'തെരുവുവിളക്കുകൾ അണയാത്ത നഗരമെന്ന' സ്വപ്നം യാഥാർത്ഥ്യമാകുമെന്നായിരുന്നു നഗരസഭാ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സെപ്തംബർ അവസാനിക്കാറാകുമ്പോഴും രാത്രികാലങ്ങളിൽ ഇരുട്ടിലൂടെ സഞ്ചരിക്കാനാണ് ജനങ്ങളുടെ വിധി.

കഴിഞ്ഞ ഡിസംബറിലാണ് എല്ലാ തെരുവുവിളക്കുകളും ഇന്റലിജന്റ് എൽ.ഇ.ഡികളാക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. ഇ-സ്മാർട്ട് സൊലൂഷൻസ് എന്ന സ്ഥാപനം നടപ്പാക്കുന്ന പദ്ധതിയിൽ കരാർ പ്രകാരം നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി പുതിയ എൽ.ഇ.‌ഡി ലൈറ്റുകളിടും. ഒപ്പം കേടാവുന്നവ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക നഗരസഭയ്ക്ക് പിഴയും നൽകണം. എന്നാൽ വിളക്കുകൾ തെളിയിക്കാനുള്ള കാലാവധികൾ നിരവധിയായിട്ടും ഒന്നും തെളിയുന്നില്ലെന്ന് മാത്രം.

''കർബലയിൽ നിന്ന് ചെമ്മാംമുക്കിലേക്ക് ഒറ്റയ്‌ക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുവിളക്കുകൾ കത്താത്തിനാൽ നിരവധി തവണ കൗൺസിലിൽ തന്നെ ഇതേക്കുറിച്ച് പരാതിപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ല. ക്യു.എ.സി റോഡിന്റെയും ശാരദാ മഠത്തിലേക്കുള്ള റോഡിന്റെയും അവസ്ഥ ഇതാണ്.''

റീന സെബാസ്റ്റ്യൻ,

വാർഡ് കൗൺസിലർ