കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 66-ാമതു പിറന്നാൾ ആഘോഷത്തിനുള്ള കൂറ്റൻ പന്തൽ ഉയരുന്നു. 1000 അടി നീളവും 500 അടി വീതിയുമുണ്ട്. പന്തലിന്റെ നീളം ഇക്കുറി 200 അടി വർദ്ധിപ്പിച്ചു. ഒരു സമയം 2 ലക്ഷം പേർക്ക് ജയന്തിയാഘോഷം കാണാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.അമൃത എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് പന്തൽ. ഒന്നര മാസം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. ദിവസവും 200 ഓളം തൊഴിലാളികൾ അദ്ധ്വാനിക്കുന്നു. ആഘോഷവേദിയിൽ 200ഓളം വിശിഷ്ടാതിഥികൾക്ക് ഇരിപ്പിടം ഒരുക്കും. വേദിക്ക് 100 അടി നീളവും 40 അടി വീതിയുമുണ്ടാകും. മഠത്തിലെ സ്വന്തം സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം. ജയന്തി ദിവസത്തെ പാദപൂജ ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും ഭക്തർക്ക് ദർശിക്കാവുന്ന വിധം ഷോർട്ട് സർക്ക്യൂട്ട് ടി.വി സംവിധാനം സജ്ജീകരിക്കും. അനുബന്ധമായി ചെറു പന്തലുകളുടെ നിർമ്മാണം പൂർത്തിയായി.