കൊല്ലം: അക്രമം കാട്ടി എസ്.എൻ കോളേജിനെ തകർക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ പ്രതിരോധിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ്.എൻ കോളേജ് സംരക്ഷണ സമിതി ഇന്ന് കോളേജ് സംരക്ഷണ മാർച്ച് നടത്തുമെന്ന് സംരക്ഷണ സമിതി ചെയർമാൻ ഡോ.ജി.ജയദേവൻ, കൺവീനർ മോഹൻ ശങ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജിന്റെ പ്രധാന ഗേറ്റ് രാവിലെ പത്തിന് അടയ്ക്കുകയും വൈകിവരുന്ന വിദ്യാർത്ഥികളെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പ്രവേശിപ്പിക്കുകയും ചെയ്യുന്നതിനെ എസ്.എഫ്.ഐ എതിർക്കുകയാണ്. പ്രധാന ഗേറ്റ് മുഴുവൻ സമയവും തുറന്നിടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതാക്കൾ പ്രിൻസിപ്പലിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. വിദ്യാർത്ഥികളല്ലാത്തവർ കാമ്പസിൽ കയറി പ്രശ്നം സൃഷ്ടിച്ചതിനാൽ ഈ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത് കോളേജ് സ്റ്റാഫ് കൗൺസിലാണ്.
കോളേജിനെ തകർക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ശക്തമായ തിരിച്ചടി ലഭിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇന്നത്തെ മാർച്ചിന് ശേഷം യൂണിയൻ തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പിന്നീട് ശാഖാ തലത്തിൽ യോഗങ്ങൾ സംഘടിപ്പിച്ച് കോളേജിൽ നടന്ന അക്രമ സംഭവങ്ങൾ വിശദീകരിക്കും.
ഇന്ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം ഓഫീസിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും. ശാരദാമഠം, എസ്.എൻ കോളേജ് , നഗരസഭാ ഓഫീസ്, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട വഴി തിരികെ എസ്.എൻ കോളേജിന് മുന്നിൽ മാർച്ച് സമാപിക്കും. തുടർന്ന് പ്രതിഷേധ യോഗം നടക്കും.
വാർത്താ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, ചവറ യൂണിയൻ സെക്രട്ടറി അനീഷ് കാരയിൽ എന്നിവരും പങ്കെടുത്തു.
നാക്കിന്റെ എ ഗ്രേഡ് ജില്ലയിൽ
കൊല്ലം എസ്.എൻ കോളേജിന് മാത്രം
ജില്ലയിൽ നാക്കിന്റെ എ ഗ്രേഡ് ഇപ്പോൾ കൊല്ലം എസ്.എൻ കോളേജിന് മാത്രമാണ്. നാക്കിന്റെ പരിശോധനാ സംഘം വീണ്ടും വരാനിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഹാജരും കോളേജിന്റെ അച്ചടക്കവും മികച്ച ഗ്രേഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഉയർന്ന ഗ്രേഡ് ലഭിച്ചാലേ കോളേജിന്റെ വികസനത്തിന് യു.ജി.സിയുടെ സഹായം ലഭിക്കുകയുള്ളൂ. ഇത് നഷ്ടമാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. പ്രിൻസിപ്പലിന് നേരെ അസഭ്യ വർഷം നടത്തുക, ക്ലാസുകളിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കുക, ഗേറ്റ് തല്ലിപ്പൊളിക്കുക തുടങ്ങിയ അക്രമ പ്രവൃത്തികളാണ് നടത്തുന്നത്. ഒരു തവണ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ നിരുപാധികം മാപ്പെഴുതി നൽകിയവരാണ് വീണ്ടും അതിക്രമങ്ങൾ കാട്ടുന്നത്.
മറ്റ് കോളേജുകളിൽ ഗേറ്റ് അടയ്ക്കും
നഗരത്തിലെ മറ്റ് കോളേജുകളിലെല്ലാം രാവിലെ ക്ലാസ് തുടങ്ങുമ്പോൾ ഗേറ്റ് അടയ്ക്കും. എസ്.എൻ കോളേജിൽ പ്രിൻസിപ്പൽ അര മണിക്കൂർ കൂടി അധികം നൽകുന്നുണ്ട്. പിന്നീടെത്തുന്നവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് പ്രവേശിക്കാം. മറ്റ് കോളേജുകളിൽ ഗേറ്റ് അടയ്ക്കുന്നതിനെ എതിർക്കാത്തവർ എസ്.എൻ കോളേജിൽ മാത്രം പ്രശ്നം ഉണ്ടാക്കുന്നതിന്റെ കാരണം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ആർ.ശങ്കർ സ്ഥാപിച്ച യോഗത്തിന്റെ കോളേജ്
എസ്.എൻ കോളേജ് എസ്.എഫ്.ഐയുടെയോ രക്തസാക്ഷിയുടെയോ കലാലയമല്ല. 1948ൽ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് മഹാനായ ആർ. ശങ്കർ സ്ഥാപിച്ച കാമ്പസാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. എസ്.എഫ്.ഐയുടെ കലാലയം എന്ന മുദ്രാവാക്യം മുഴക്കി ദിവസവും കോളേജിന്റെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന കാടത്ത സംസ്കാരത്തെ മാനേജ്മെന്റിന് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അവർ പറഞ്ഞു.