kollam-tghodu
കൊല്ലം തോട്

കൊല്ലം: കൊല്ലം തോടിന്റെ താന്നി പാലം മുതൽ കച്ചിക്കടവ് വരെയുള്ള രണ്ടാം റീച്ചിന്റെ നവീകരണത്തിന് കരാറായി. പത്ത് ദിവസത്തിനുള്ളിൽ നവീകരണ പ്രവൃത്തികൾ തുടങ്ങും. 7.5 കോടിയാണ് രണ്ട് കിലോ മീറ്റർ ദൂരത്തിൽ നവീകരണത്തിനുള്ള പദ്ധതി തുക.

ഒരു മീറ്റർ ആഴത്തിൽ ഡ്രഡ്ജിംഗ്, ഇരുവശങ്ങളിലും പാർശ്വഭിത്തി നിർമ്മാണം, തീരത്തെ മരങ്ങൾ വെട്ടിനീക്കൽ എന്നിവയാണ് കരാറിലുള്ളത്. എറണാകുളം സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് നവീകരണത്തിന്റെ കരാറെടുത്തിരിക്കുന്നത്. ഒന്നരവർഷമാണ് കരാർ കാലാവധിയെങ്കിലും അടുത്ത വർഷം മേയിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

 കൊല്ലം തോട് നവീകരണ പുരോഗതി

ആകെ 73 %

 ഒന്നാം റീച്ച്:
പരവൂർ കായൽ മുതൽ താന്നി പാലം വരെ

ഏകദേശം പൂർത്തിയായി

 രണ്ടാം റീച്ച്

താന്നി പാലം മുതൽ കച്ചിക്കടവ് വരെ
ഉടൻ തുടങ്ങും

മൂന്നാം റീച്ച്

കച്ചിക്കടവ്- ജലകേളി കേന്ദ്രം
11 ശതമാനം പൂർത്തിയായി

 നാലാം റീച്ച്

ജലകേളി കേന്ദ്രം- പണ്ടകശാല പാലം
പൂർത്തിയാകാൻ കൽക്കെട്ട് മാത്രം

 അഞ്ചാം റീച്ച്

പണ്ടകശാല പാലം- അഷ്ടമുടിക്കായൽ

ഏകദേശം പൂർത്തിയായി

 മേയിൽ 100 %

2020 മേയിൽ കൊല്ലം തോട് നവീകരണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യം. ഡിസംബറിൽ പൂർത്തിയാക്കണമെന്ന കർശന വ്യവസ്ഥയോടെയാണ് ഒന്നും നാലും അഞ്ചും റീച്ചുകളുടെ നവീകരണ കരാർ സ്വകാര്യ ഏജൻസിക്ക് നീട്ടി നൽകിയത്. മൂന്നാം റീച്ചിലെ നവീകരണത്തിന്റെ കരാർ കാലാവധി അവസാനിച്ചതിനാൽ നിലവിലെ കരാറുകാരനെ ഒഴിവാക്കി വീണ്ടും ടെണ്ടർ ക്ഷണിക്കാനുള്ള ആലോചനയിലാണ്.

 കല്ലുപാലം രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കും

കൊല്ലം തോട് വഴിയുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ പാലം നിർമ്മിക്കാൻ കല്ലുപാലം രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ച് തുടങ്ങും.ഗതാഗത ക്രമീകരണത്തിനായി ഇവിടെ ട്രാഫിക് വാർഡൻമാരെ നിയമിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കരാറുകാരന് നിർദ്ദേശം നൽകി.