കൊട്ടിയം: വീട്ടിൽ മാതാവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ചു. തഴുത്തല പി.കെ. ജംഗ്ഷനടുത്ത് ഷമാസ് മൻസിലിൽ അബ്ദുൽ നാസിറിന്റെയും സബീനയുടെയും മകൾ ഫർസാനാ നാസ്വിർ (12) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടി നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേൽക്കുകയും എന്തോ കടിച്ചതായി പറയുകയും ചെയ്തു. കൈയിൽ എന്തോ കടിച്ച ചെറിയ പാടും ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുള്ളുകാട് ഖുവത്തുൽ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. മുഖത്തല എം.ജി.ടി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പിതാവിന്റെ കുടുംബ വീടായ അയത്തിൽ എം.എസ് നഗർ 118 പറങ്കിമാംവിള വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കിളികൊല്ലൂർ തെക്കുംകര മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ അടക്കി. മുഹമ്മദ് ഷമ്മാസ്, ഫർഹാനാ നാസ്വിർ എന്നിവർ സഹോദരങ്ങളാണ്.