pathanapuram
പിറവന്തൂർ കൃഷിഭവനിൽ വില്പനയ്ക്കായി എത്തിച്ച കരിമുണ്ട ഇനത്തിൽ പെട്ട കുരുമുളക് തൈകൾ

പത്തനാപുരം: കൃഷിഭവനുകളിൽ നിന്ന് മേൽത്തരം കുരുമുളകിൻ തൈകൾ വിതരണം ചെയ്യുന്നതായുള്ള വാർത്തയറിഞ്ഞെത്തിയ കർഷകർ വില കേട്ടതോടെ ഒന്ന് ഞെട്ടി. കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളക് തൈയുടെ വിലയാണ് ഇവരുടെ ഉള്ള് കരിച്ചത്. സ്വകാര്യ നഴ്സറികളിൽ കേവലം നാല് രൂപയ്ക്ക് ലഭിക്കുന്ന തൈകൾക്കാണ് കൃഷി ഭവനുകളിൽ 8 രൂപ വിലയിട്ടിരിക്കുന്നത്. ഇരട്ടി വില വാങ്ങിയുള്ള ഇരുട്ടടിക്കെതിരെ കർഷകരിൽ ചിലർ പ്രതിഷേധിച്ചെങ്കിലും മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നും അത് തങ്ങൾ പാലിക്കണമെന്നുമായിരുന്നു മറുപടി.

അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നാണ് സുഗദ്ധ വിളവികസന പദ്ധതി പ്രകാരം കൃഷി ഓഫീസുകളിൽ കുരുമുളക് തൈകൾ വിൽപ്പനയ്ക്ക് എത്തിച്ചത്. സൗജന്യ നിരക്കിലുള്ള വിതരണമായിരിക്കും എന്ന് പ്രതീക്ഷിച്ചാണ് കർഷകരിൽ പലരും എത്തിയത്. ഇവരാണ് വില കേട്ടതോടെ നിരാശരായത്. പലരും തിരികെപ്പോയതോടെ തൈകൾ കൃഷിഭവനിൽ കെട്ടിക്കിടക്കുകയാണ്. പരിചരണമില്ലാത്തതിനാൽ ഇവ കരിഞ്ഞുതുടങ്ങി. നടീലിന് പ്രതികൂലമായ മഴക്കാലത്ത് തൈകൾ എത്തിച്ചതിലും പ്രതിഷേധമുണ്ട്.

കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയെന്ന് പറയുമ്പോഴും ഇത്തരത്തിൽ തങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.

ഹോർട്ടികൾച്ചർ മിഷന്റെ (എസ്.എച്ച്.എം) വിവിധ പദ്ധതികൾ പ്രകാരം സൗജന്യ നിരക്കിൽ കുരുമുളക് തൈകളും, തെങ്ങ്, ജാതി ഉൾപ്പെടെയുള്ള തൈകളും ഗ്രോബാഗുകളും വളവും ഉടൻ വിതരണത്തിന് എത്തിക്കും

വേണുഗോപാൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ