ഓയൂർ: പൂയപ്പള്ളി മീയ്യണ്ണൂർ ജംഗ്ഷനിലെ ഇൻഡ്യ വൺ എ.ടി.എം കുത്തിപ്പൊളിച്ച് മോഷണ ശ്രമം. കാമറകളിൽ മുളകുപൊടി കലർത്തിയ മിശ്രിതം തേച്ചുമറച്ചശേഷമായിരുന്നു മോഷണശ്രമം. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മോഷ്ടാവ് പണം നിക്ഷേപിക്കുന്ന ഭാഗത്തെ ആദ്യ വാതിൽ കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലെ പൂട്ട് തകർക്കാൻ കഴിഞ്ഞില്ല. തുടർന്ന് പണം ശേഖരിച്ചിരിക്കുന്ന അറ കുത്തിപ്പൊളിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതിനാൽ പിൻവാങ്ങുകയായിരുന്നു. രണ്ടുദിവസമായി എ.ടി.എം പ്രവർത്തനരഹിതമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പണം പിൻവലിക്കാനെത്തിയ ഇടപാടുകാരാണ് കാമറയിൽ മുളകുപൊടി കലർന്ന മിശ്രിതം കണ്ടത്. ഇവർ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ അറിയിച്ചു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കവർച്ചാശ്രമമാണെന്ന് സ്ഥിരീകരിച്ചത്. റൂറൽ എസ്.പി ഹരിശങ്കർ, വിരലടയാളവിദഗ്ദ്ധർ, സൈബർസെൽ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചും മുമ്പ് എ.ടി.എം കവർച്ച നടത്തിയിട്ടുള്ള മോഷണസംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എസ്.പി.അറിയിച്ചു.