കുണ്ടറ: ഇരുപത് വർഷം കൊണ്ട് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളാണ് സർക്കാർ അഞ്ച് വർഷത്തിൽ സാധ്യമാക്കാൻ പ്രയത്നിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ വന്ധ്യതാനിവാരണ ക്ലിനിക്കിന്റെയും പ്രസവമുറിയുടെയും ഓപ്പറേഷൻ തീയേറ്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ 19000 പുതിയ തസ്തികകൾ സൃഷ്ടിച്ചപ്പോൾ ഏറ്റവുമധികം നൽകിയത് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തുമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് 5000 കോടിയുടെ വികസനമാണ് നടപ്പാക്കുന്നത്. സർക്കാർ സ്കൂളുകളെയെല്ലാം മികവിന്റെ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലും മികവുറ്റ ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ആർദ്രം പദ്ധതിക്കുള്ളത്. ലോകത്തെങ്ങുമില്ലാത്ത ചികിത്സാ സൗകര്യങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ. സജികുമാർ, ജൂലിയറ്റ് നെൽസൺ, കെ. രാജശേഖരൻ, പ്ലാവറ ജോൺ ഫിലിപ്പ്, കെ. ബാബുരാജൻ, സ്റ്റാൻസി യേശുദാസൻ, കെ. തങ്കപ്പനുണ്ണിത്താൻ, തങ്കമണി ശശിധരൻ, പി. ബാബു, ഉഷ പ്രസാദ്, എ. സിമ്മി, വി. ശോഭ, ഡോ. അനിത കെ. കുമാർ, ഡോ. എം.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.