കൊല്ലം: സാമൂഹ്യതിന്മകൾക്കെതിരായ ബോധവത്കരണവും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികളിൽ നിന്ന് ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ പറഞ്ഞു. മുണ്ടയ്ക്കൽ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗറിൽ മാലിന്യനിക്ഷേപം തടയാൻ കാമറകൾ സ്ഥാപിച്ചതും പ്ളാസ്റ്രിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി നടപ്പിലാക്കിയതും ഹരിതശ്രീ യൂണിറ്റുകളുടെ വ്യാപനവും എം.ആർ.എയെ മാതൃകാ റസിഡന്റ്സ് അസോസിയേഷനാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.ആർ.എ പ്രസിഡന്റ് ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകാരൻ ജിതേഷ് കക്കിടിപ്പുറം മുഖ്യാതിഥി ആയിരുന്നു. കൗൺസിലർമാരായ ശാന്തിനി ശുഭദേവൻ, ഗിരിജാ സുന്ദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ സ്വാഗതവും ജോ. സെക്രട്ടറി എസ്. ജേക്കബ് നന്ദിയും പറഞ്ഞു. തുടർന്ന് നഗർ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു.