കരുനാഗപ്പള്ളി: അപര്യാപ്തതകൾ നിറഞ്ഞ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് യൂണിറ്റും ഇൻഫർമേഷൻ സെന്ററും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായുള്ള യാത്രക്കാരുടെ ഈ ആവശ്യത്തിനോട് റെയിൽവേ പുറന്തിരിഞ്ഞ് നിൽക്കുന്നതായാണ് പരാതി. റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരവധി തവണ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.
കരുനാഗപ്പള്ളിയേക്കാൾ ചെറിയ സ്റ്റേഷനുകളിൽപ്പോലും ആർ.പി.എഫ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അപ്പോഴാണ് ദിവസവും ആറായിരത്തിലധികം യാത്രക്കാരെത്തുന്ന കരുനാഗപ്പള്ളിയെ റെയിൽവേ അവഗണിക്കുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാകുന്നത്. സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം തടയാനും ആർ.പി.എഫിന്റെ സാന്നിദ്ധ്യം സഹായിക്കും.
സ്റ്റേഷനുകളിൽ ട്രെയിൻ എത്തുമ്പോൾ ആർ.പി.എഫിലെ ഉദ്യോഗസ്ഥർ എല്ലാ ബോഗികളിലും കയറി യാത്രക്കാരോട് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. ആർ.പി.എഫിന്റെ ഒരു യൂണിറ്റിൽ 5 അംഗങ്ങളാണ് ഉണ്ടാവുക. ഇവരുടെ സേവനമാണ് കരുനാഗപ്പള്ളിക്ക് അന്യമാകുന്നത്.
സ്റ്റേഷൻ മാസ്റ്ററുടെ ജോലിയും വർദ്ധിച്ചു
സ്റ്റേഷൻ മാസ്റ്ററുടെ ജോലി ഭാരം കൂടിയതിനാലാണ് ഇൻഫർമേഷൻ കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്പ് ട്രെയിനിന്റെ സമയം സ്റ്റേഷൻ മാസ്റ്ററോട് ഫോൺ വഴി ചോദിച്ചറിയാമായിരുന്നു. നിലവിൽ ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുകയും സ്റ്റേഷൻ മാസ്റ്ററുടെ ജോലി ഭാരം ഏറുകയും ചെയ്തതോടെ യാത്രക്കാർക്ക് ഇതിന് സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ ഇൻഫർമേഷൻ കൗണ്ടർ തുറക്കണമെന്ന ആവശ്യം ഉയരുന്നത്.
.......................................................
റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് യൂണിറ്റും ഇൻഫർമേഷൻ സെന്ററും സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനോടെ അനുകൂലമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. ആർ.പി.എഫിന്റെ സേവനം ലഭിക്കാത്തതിനാൽ യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ട്. ഇൻഫർമേഷൻ കൗണ്ടർ ഇല്ലാത്തതിനാൽ വിവരങ്ങൾ അറിയാനും പ്രയാസമാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
കെ.കെ. രവി, ആക്ഷൻകൗൺസിൽ ജന. കൺവീനർ