കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 66-ം മതു പിറന്നാൾ ആഘോഷത്തിനൊരുങ്ങുന്ന അമൃതപുരി ആഹ്ളാദ തിമിർപ്പിലായി. ഈ മാസം 27നാണ് ജയന്തിയാഘോഷം. അതിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ അമൃതപുരിയിൽ എത്തിത്തുടങ്ങി. ശ്രീലങ്കയിൽ നിന്നുള്ള 25 അംഗ സംഘം കഴിഞ്ഞ ദിവസം എത്തിച്ചേർന്നു. അമേരിക്ക,യൂറോപ്പ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇന്നും നാളെയുമായി എത്തിച്ചേരും. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു.പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അമൃതപുരിയിൽ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. താമസത്തിനും, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും, ആഹാരത്തിനും കുടിവെള്ളത്തിനും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. മാതാ അമൃതാനന്ദമയി ആശ്രമം ആഘോഷ തിമിർപ്പിലാണ്. ആഘോഷ വേദിയായ കോളേജും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കി. ഭക്തർ തങ്ങളാൽ കഴിയുന്ന സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. എല്ലാവരും പിറന്നാൾ ആഘോഷം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.