paravur
മാമൂട്ടിൽ പാലം

 സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം

പരവൂർ: കൊല്ലം - തിരുവനന്തപുരം റെയിൽവേ പാതയിലെ മാമൂട്ടിൽ പാലത്തിന്റെ തെക്കുഭാഗത്ത് ഭിത്തിയിൽ വളർന്ന വൻ മരങ്ങളും കാടും പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. വിജനമായ ഭാഗത്തുള്ള കാട്ടിൽ തമ്പടിക്കുന്ന ലഹരി മാഫിയയും സാമൂഹ്യവിരുദ്ധരും പൊതുജനത്തിന് ശല്യമാകുന്നുമുണ്ട്.

ഏകദേശം ഒരു കിലോ മീറ്ററോളം കായൽ നികത്തിയാണ് മയ്യനാടിനെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന കാക്കോട്ടുമൂല, മാമൂട്ടിൽ കടവ് പാലം നിർമ്മിച്ചത്. റെയിൽവേയുടെ അധീനതയിലുള്ള ഈ ഭാഗങ്ങളിലാണ് വലിയ മരങ്ങൾ അടക്കം വളർന്നത്. ഈ മരങ്ങളുടെ വേരുകൾ പാർശ്വഭിത്തികൾക്ക് ഭീഷണിയായി പല ഭാഗത്തും ആഴ്ന്നിറങ്ങി പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുകയാണ്.

 ലഹരിയുടെ കേന്ദ്രം

ഇപ്പോൾ ലഹരി മാഫിയാ സംഘങ്ങളുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ് മാമൂട്ടിൽകടവ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആൾക്കാർ ലഹരി തേടി ഇവിടെ എത്തുന്നതായി ഓടിവള്ളങ്ങളിലെ മീൻ പിടുത്തക്കാർ പറയുന്നു. പൊലീസിന്റെ സാന്നിധ്യമില്ലാത്തതാണ് ഇത്തരക്കാർക്ക് സഹായകമാകുന്നത്. പാലത്തിന്റെ സുരക്ഷിതത്വത്തിന് റെയിൽവേയും സമാധാന ജീവിതം ഉറപ്പാക്കാൻ പൊലീസും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.