കൊല്ലം: സുഗമമായ അദ്ധ്യയനത്തിന് തടസ്സം സൃഷ്ടിച്ചും അദ്ധ്യാപകരെ അധിക്ഷേപിച്ചും അക്രമം കാട്ടിയും കൊല്ലം എസ്.എൻ കോളേജിനെ തകർക്കാനുള്ള നീക്കങ്ങൾ എസ്.എഫ്.ഐ യുടെ പേരിൽ ഇനിയും തുടർന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ പറഞ്ഞു. കോളേജിനെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ എസ്.എൻ കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിലെ അച്ചടക്കം നിലനിർത്താൻ അദ്ധ്യാപകരും രക്ഷാകർത്താക്കളും മാനേജ്മെന്റ് പ്രതിനിധികളും ഉൾപ്പെട്ട വിവിധ സബ് കമ്മിറ്റികളുണ്ട്. ഈ സബ് കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കും. എല്ലാ ആഴ്ചയും മാനേജ്മെന്റ് പ്രതിനിധികൾ കോളേജ് സന്ദർശിക്കും. അച്ചടക്കലംഘനങ്ങൾ ഉണ്ടായാൽ ശക്തമായി ഇടപെടും. കോളേജിൽ എന്തും കാട്ടിക്കൂട്ടാമെന്ന ധാരണ ആർക്കും വേണ്ട.
ഒറ്റ ദിവസം കൊണ്ടാണ് മാർച്ചിൽ ആയിരങ്ങളെ അണിനിരത്തിയത്. കോളേജിനെതിരായ നീക്കങ്ങൾ തുടർന്നാൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്കൊപ്പം അക്രമികൾക്കെതിരായ ജനകീയ പ്രചാരണവും നടത്തും. ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രതികരിച്ച് തുടങ്ങിയപ്പോൾ തന്നെ കോളേജിൽ സമാധാനാന്തരീക്ഷം വന്നിട്ടുണ്ടെന്നും ഡോ.ജി. ജയദേവൻ പറഞ്ഞു.
വിധ്വംസക കേന്ദ്രമാക്കാൻ ശ്രമം: പി. സുന്ദരൻ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാതൃകയിൽ കൊല്ലം എസ്.എൻ കോളേജിനെ വിധ്വംസക കേന്ദ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ കാട്ടിക്കൂട്ടുന്നത് പോലെ അക്രമങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമാക്കാനാണ് ശ്രമം. ഇത് അനുവദിക്കില്ല. മറ്റെല്ലാം കോളേജുകളിലും ക്ലാസ് തുടങ്ങുമ്പോൾ ഗേറ്റ് അടയ്ക്കാറുണ്ട്. എസ്.എൻ കോളേജിന്റെ ഗേറ്റ് മാത്രം അടയ്ക്കാൻ പാടില്ലെന്ന് പറയുന്നവരുടെ ചേതോവികാരം എന്താണെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. എസ്.എൻ കോളേജിന്റെ ഗേറ്റ് അടയ്ക്കാൻ പാടില്ലെന്ന് പറയുന്നവർ മറ്റ് കോളേജുകളിൽ ഇതിനെ ചോദ്യം ചെയ്യാത്തത് എന്താണെന്നും പി. സുന്ദരൻ ചോദിച്ചു.
കോളേജ് തുടങ്ങുന്നതിനെ എതിർത്തവർ: മോഹൻ ശങ്കർ
എസ്.എൻ കോളേജ് സ്ഥാപിക്കാൻ ആർ. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ എതിർത്തവരാണ് ഇപ്പോൾ കോളേജിനെ തകർക്കാൻ ശ്രമിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. എസ്.എൻ കോളേജ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. വീടുവീടാന്തരം കയറി പിടിയരി ശേഖരിച്ചാണ് എസ്.എൻ കോളേജ് സ്ഥാപിച്ചത്. അന്ന് ഒരു അരിമണി പോലും സംഭാവന നൽകിയില്ലെന്ന് മാത്രമല്ല സി.പിയുടെ ചെരുപ്പ് നക്കിയെന്ന് പറഞ്ഞ് ആർ. ശങ്കറിനെ അധിക്ഷേപിച്ചവരാണ് ഇപ്പോൾ കോളേജ് തങ്ങളുടേതാക്കാൻ ശ്രമിക്കുന്നത്. കോളേജിൽ ഹാജർ കൂടുതൽ കർശനമാക്കും. ഓരോ മാസവും എല്ലാ വിദ്യാർത്ഥികളുടെയും ഹാജർ സർവകലാശാലയ്ക്ക് കൈമാറും. ഹാജർ കുറവുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പതിനായിരങ്ങളെ അണിനിരത്തും: എൻ. രാജേന്ദ്രൻ
എസ്.എൻ കോളേജിൽ അക്രമങ്ങൾ തുടർന്നാൽ പതിനായിരങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. എസ്.എൻ കോളേജ് അക്കാദമിക രംഗത്ത് മുന്നേറുകയാണ്. നാക്ക് എ ഗ്രേഡുള്ള ജില്ലയിലെ ഏക കോളേജായി മാറി. കൂടുതൽ മുന്നേറ്റം സൃഷ്ടിക്കാനും കോളേജിലെ അച്ചടക്കം കൂടുതൽ മികച്ചതാക്കാനുമാണ് ക്ലാസ് തുടങ്ങുമ്പോൾ ഗേറ്റ് അടയ്ക്കാൻ കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചത്. നഗരത്തിലെ മറ്റ് കോളേജുകളിലെല്ലാം വർഷങ്ങൾക്ക് മുൻപേ ഈ തീരുമാനം നടപ്പാക്കിയിട്ടുണ്ട്. എസ്.എൻ കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിക്കുന്നവരെ അന്ന് അവിടെയൊന്നും കണ്ടിട്ടില്ല.
എസ്.എൻ കോളേജ് മാത്രം ആർക്കും എപ്പോഴും കയറാവുന്ന ഇടമാക്കാൻ അനുവദിക്കില്ല. കോളേജിനെ തകർക്കാനുള്ള നീക്കങ്ങളെ എസ്.എൻ.ഡി.പി യോഗവും ട്രസ്റ്റും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എൻ. രാജേന്ദ്രൻ പറഞ്ഞു.
പൊലീസ് നോക്കുകുത്തി: എ. സോമരാജൻ
എസ്.എൻ കോളേജിൽ അക്രമികൾ വിളയാടുമ്പോൾ പൊലീസ് നോക്കുകുത്തിയെപോലെ നിൽക്കുകയാണെന്ന് കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പറഞ്ഞു. എസ്.എൻ കോളേജിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് കോടതി വിധിയുണ്ട്. ഈ ഉത്തരവിനെ മാനിക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. എല്ലാവരോടും പൊലീസ് ഈ നിലപാടല്ല സ്വീകരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളോട് മാത്രമാണ് പൊലീസിന്റെ അവഗണന. ഒരുകാലഘട്ടത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നവർക്ക് വിദ്യ പകർന്ന് നൽകി സമൂഹത്തിന്റെ മുഖ്യധരായിലെത്തിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് എസ്.എൻ കോളേജ്. ഈ സ്ഥാപനത്തെ തകർക്കാനും കൈവശപ്പെടുത്താനും ഒരു ശക്തികളെയും അനുവദിക്കില്ലെന്നും സോമരാജൻ പറഞ്ഞു.
ഗുരുദർശനങ്ങൾക്ക് നേരെയുള്ള
വെല്ലുവിളി: ജി. വിശ്വംഭരൻ
എസ്.എൻ കോളേജിനെതിരായ നീക്കം ഗുരുദർശനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ പറഞ്ഞു. വടക്ക് നിന്നും തെക്കോട്ട് ഗുരു കാൽനടയായി വരുന്നതിനിടെ ഒരിയ്ക്കൽ നഗരത്തിൽ തങ്ങിയിരുന്നു. ഇപ്പോൾ വൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമെല്ലാം അന്ന് കാടുകയറി കിടക്കുകയായിരുന്നു. ഈ കാട് വെട്ടിത്തെളിച്ച് വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് ഗുരു നിർദ്ദേശിച്ചു. ഗുരുവിന്റെ നിർദ്ദേശം ഉൾക്കൊണ്ട ആർ. ശങ്കർ അടക്കമുള്ള യോഗം നേതാക്കൾ പിന്നീട് എസ്.എൻ കോളേജ് സ്ഥാപിക്കുകയായിരുന്നു. എസ്.എൻ കോളേജിനെ തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കോളേജിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ധൈര്യം കാട്ടണമെന്നും വിശ്വംഭരൻ പറഞ്ഞു.
വിദ്യാഭ്യാസ അവകാശത്തോടുള്ള
വെല്ലുവിളി: ബി.ബി ഗോപകുമാർ
എസ്.എൻ കോളേജിലെ അദ്ധ്യയന അന്തരീക്ഷം നശിപ്പിക്കുന്നത് വിദ്യാഭ്യാസ അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റും കുണ്ടറ യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ ബി.ബി. ഗോപകുമാർ പറഞ്ഞു.
കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സൂചന മാത്രമാണ്. ജില്ലയിലെ ആറ് യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർ മാത്രമാണ് അണിനിരന്നത്. കോളേജിനെതിരായ നീക്കങ്ങൾ തുടർന്നാൽ കൂടുതൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഗോപകുമാർ പറഞ്ഞു.
ശ്രീനാരായണ പ്രസ്ഥാനത്തോടുള്ള
വെല്ലുവിളി: കാരയിൽ അനീഷ്
എസ്.എൻ കോളേജിനെ തകർക്കാനുള്ള ശ്രമം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് പറഞ്ഞു. ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ കുടുംബസമേതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന വഴി മറക്കുകയാണെന്നും കാരയിൽ അനീഷ് പറഞ്ഞു.