kaa
എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ കോളേജ് സംരക്ഷണ മാർച്ച്. സംരക്ഷണ സമിതി ചെയർമാൻ ഡോ.ജി.ജയദേവൻ, കൺവീനർ മോഹൻശങ്കർ, എസ്.എൻ.ഡി.പി യോഗം, യൂണിയൻ ഭാരവാഹികളായ ബി.ബി ഗോപകുമാ‌ർ,എ. സോമരാജൻ, കെ.സുശീലൻ, കാരയിൽ അനീഷ്, അഡ്വ. ഷേണാജി, അഡ്വ.പി.സുരേഷ് ബാബു തുടങ്ങിയവർ മുൻനിരയിൽ

 മാർച്ചിൽ അണിചേർന്ന് ആയിരങ്ങൾ

കൊല്ലം: എസ്.എൻ കോളേജിന്റെ അക്കാദമിക മുന്നേറ്റങ്ങളെ നിരന്തര അക്രമങ്ങളിലൂടെ ഇല്ലാതാക്കുന്ന എസ്.എഫ്.ഐയ്ക്കെതിരെ ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരന്ന മാർച്ചിൽ പ്രതിഷേധം ഇരമ്പി. എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് വിവിധ യൂണിയനുകളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച എസ്.എൻ കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കോളേജിന്റെ സൽപേരിന് കളങ്കം സൃഷ്ടിക്കുന്നവർക്കുള്ള ശക്തമായ താക്കീതായി. ആർ.ശങ്കറിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ച കോളേജിനെ അക്രമങ്ങളുടെ നിഴലിൽ നിറുത്താൻ അനുവദിക്കില്ലെന്ന വികാരം മാർച്ചിലുടനീളം മുദ്രാവാക്യങ്ങളായി അലയടിച്ചു. എസ്.എൻ.ഡി.പി യോഗം ആസ്ഥാന ഓഫീസിന് മുന്നിൽ നിന്ന് രാവിലെ ഒമ്പതോടെ ആരംഭിച്ച മാർച്ചിൽ കൊല്ലം, ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, കുണ്ടറ, ചാത്തന്നൂർ യൂണിയനുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് പീത പതാകകളേന്തി പങ്കാളികളായത്.

ശാരദാമഠം, എസ്.എൻ കോളേജ് , നഗരസഭാ ഓഫീസ്, റെയിൽവേ സ്റ്റേഷൻ, കർബല, എസ്.എൻ വനിതാ കോളേജ് വഴി നഗരം ചുറ്റിയ മാർച്ച് എസ്.എൻ കോളേജിന് മുന്നിൽ സമാപിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും വൻപങ്കാളിത്തമാണ് മാർച്ചിനെ ശ്രദ്ധേയമാക്കിയത്. എസ്.എൻ കോളേജിന്റെ പഠനാന്തരീക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐയെ പ്രതിരോധിച്ച് കോളേജിന്റെ ഒൗന്നത്യം കാത്തുസൂക്ഷിക്കാൻ എസ്.എൻ.ഡി.പി യോഗം പ്രതിജ്ഞാബദ്ധമാണെന്ന് നഗരത്തിന് ബോദ്ധ്യമായി. കോളേജിൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ മാത്രമല്ല അതിന് പിന്തുണ നൽകുന്നവരും മറുപടി പറയേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി മാർച്ച്. എസ്.എൻ.ഡി.പി യോഗത്തിന്റെ ജില്ലയിലെ നേതൃനിരയാകെ മാർച്ചിന്റെ മുന്നിലുണ്ടായിരുന്നു. എസ്.എൻ കോളേജിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ എസ്.എൻ കോളേജ് സംരക്ഷണ സമിതി ചെയർമാനും എസ്.എൻ ട്രസ്റ്റ് ട്രഷററുമായ ഡോ.ജി.ജയദേവൻ, കൺവീനറും കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ചവറ യൂണിയൻ സെക്രട്ടറി അനീഷ് കാരയിൽ എന്നിവർ പ്രസംഗിച്ചു.