hou
പൊലിസിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ്മയായ മേഴ്സി കോപ്സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണിയുന്ന വീടിന്റെ ശിലാസ്ഥാപനം പുനലൂർ ഡിവൈ.എസ്.പി എസ്.അനിൽദാസ് നിർവഹിക്കുന്നു

പുനലൂർ: ശോച്യാവസ്ഥയിലുള്ള കുടിലിൽ കഴിഞ്ഞിരുന്ന നിർദ്ധന കുടുംബത്തിന് വീടൊരുക്കി നൽകി പുനലൂർ ജനമൈത്രീ പൊലീസ്. പുനലൂർ പൊലീസിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ്മയായ മേഴ്സി കോപ്സ് ചാരിറ്റബിൾ സൊസൈറ്റിയാണ് നഗരസഭയിലെ ആരംപുന്ന സ്വദേശിയായ ബാബുവും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന് വീടുനിർമ്മിച്ച് നൽകുന്നത്.

വീടിന്റെ ശിലാസ്ഥാപനം പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽദാസ് നിർവഹിച്ചു. പുനലൂർ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷയും വാർഡ് കൗൺസിലറുമായ ബി. സുജാത, ലളിതമ്മ, ട്രസ്റ്റ് അംഗമായ റിട്ട.എസ്.ഐ എസ്.ശശിധരൻ, പുനലൂർ ജനമൈത്രീ പൊലീസ് സി.ആർ.ഒ ഷെറീഫ്, അജീഷ് തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിച്ചു.പൊലീസിന്റെ ഭവന സന്ദർശന പരിപാടികൾക്കിടയിലാണ് ആരംപുന്നയിലെ ബാബുവിന്റെ കുടുംബത്തിന്റെയും ദയനീയ സ്ഥിതി പുറംലോകമറിഞ്ഞത്. തുടർന്നാണ് ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.

പുനലൂരിലും, സമീപ പ്രദേശങ്ങളിലും കൂടുതൽ പാവങ്ങളെ കണ്ടെത്തി സഹായിക്കാനുളള ശ്രമങ്ങളാണ് ഭാരവാഹികൾ നടത്തി വരുന്നത്.