car
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാടിന് സമീപത്തെ കൊടും വളവിൽ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറിയ കാർ ജീപ്പിൽ കെട്ടി വലിച്ച് കയറ്റുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി കുഴിയിൽ ഇറങ്ങിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കലയനാടിന് സമീപത്തെ കൊടുംവളവിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തെന്മലയിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം സമീപത്ത് കുഴിയിൽ ഒടിഞ്ഞുകിടന്ന ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്. ചക്രങ്ങൾ ക്രാഷ് ബാരിയറിൽ തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇല്ലെങ്കിൽ കാർ മുപ്പതടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു.

അപകട മേഖലയായ ഇവിടെ കൊക്കയോട് ചേർന്ന് സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയർ രണ്ട് വർഷം മുമ്പ് നിയന്ത്രണം വിട്ടെത്തിയ ചരക്കുലോറി ഇടിച്ചാണ് തകർന്നത്. അത് ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതോടെ വാഹനാപകടങ്ങൾ ഇവിടെ നിത്യസംഭവമായി. അറുപതിലധികം വാഹനാപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.