chandrashekharan

കൊല്ലം:കശുഅണ്ടി മേഖലയിലെ തൊഴിൽ സ്ഥിതിയെപ്പറ്റി വകുപ്പ് മന്ത്രി ധവളപത്രം പുറത്തിറക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കശുഅണ്ടി മേഖലയിൽ കടുത്ത നിയമ നിഷേധമാണ് നടക്കുന്നത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളുടെ എണ്ണത്തോടൊപ്പം കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറികളിൽ ഇതുവരെ ലഭ്യമാക്കിയ തൊഴിൽ ദിനങ്ങളുടെ എണ്ണവും മന്ത്രി വ്യക്തമാക്കണം. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഓരോന്നായി നിഷേധിക്കുകയാണ്.

ചില ഉദ്യോഗസ്ഥരാണ് യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് കശുഅണ്ടി മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇപ്പോൾ കിഫ്ബിയുടെ തലപ്പത്തിരിക്കുന്ന ആ ഉദ്യോഗസ്ഥൻ എൽ.ഡി. എഫ് ഗവൺമെന്റിന്റെ അന്തകനാവും. കിഫ്ബി എന്ന് കേൾക്കുമ്പോൾ തന്നെ പിണറായി വിജയൻ വിറയ്ക്കുകയാണ്.

ഐ.എൻ.ടി.യു.സിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. അടുത്തവർഷം ജനുവരിയിൽ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും മാർച്ചിൽ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പും പൂർത്തിയാക്കും. തിരുവനന്തപുരത്ത് നിർമ്മാണം പൂർത്തിയായ ഐ.എൻ.ടി.യു.സിയുടെ ഓഫീസ് സമുച്ചയം ഈ മാസം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ, ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ്, ഹെഡ് ലോഡ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ്, ഐ.എൻ.ടി.യു.സി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ശർമ്മ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.