കൊട്ടാരക്കര: ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ദുരിത ജീവിതം നയിച്ചുവന്ന വൃദ്ധ ദമ്പതിമാർക്ക് മാദ്ധ്യമങ്ങളും ജനപ്രതിനിധികളും കൈകോർത്തതോടെ പുതുജീവിതം.
ഇരുവരും ഇനിയുള്ളകാലം കലയപുരം ആശ്രയയുടെ സ്നേഹത്തണലിൽ കഴിയും. ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറേ വയല അയണിവിള മേലതിൽ വീട്ടിൽ ഗംഗാധരൻപിള്ളയും ഭാര്യ സരസ്വതിഅമ്മയുമാണ് ആശ്രയയിലെ പുതിയ അന്തേവാസികളായത്.
കഴിഞ്ഞ 22 വർഷമായി അഞ്ചലിലും പരിസര പ്രദേശത്തും നിന്ന് ആക്രി പെറുക്കിവിറ്റു കിട്ടുന്ന തുശ്ചമായ പണം കൊണ്ടാണ് ഇരുവരും ജീവിച്ചിരുന്നത്. മക്കളില്ലാത്ത ഇവർക്ക് സഹോദരങ്ങളും മറ്റ് ബന്ധുക്കളുമുണ്ടെങ്കിലും അവരുടെ തുണയും ലഭിച്ചിരുന്നില്ല.
വാർദ്ധക്യ അവശതകൾ കടന്നാക്രമിച്ചതോടെയാണ് ഇവരുടെ ജീവിതം ദുരിതമായത്.
ആറുമാസം മുമ്പ് ഗംഗാധരൻപിള്ളയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയതോടെ കൂലിപ്പണിപോലും ചെയ്യാൻ കഴിയാതെയായി. ഈ അവസ്ഥയിലാണ് ഗ്രാമ പഞ്ചായത്ത് അംഗം അശോക് കുമാർ മാദ്ധ്യമ പ്രവർത്തകരെ വിവരം ധരിപ്പിക്കുന്നത്. തുടർന്ന് നടത്തിയ ഇടപെടലിൽ ദമ്പതിമാരെ കലയപുരം ആശ്രയ ഏറ്റെടുക്കുകയായിരുന്നു.