street-dogs
ഒഴുകുപാറ പുന്നമുക്ക് ജംഗ്ഷനിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും പരവൂർ മുനിസിപ്പാലിറ്റിയുടെയും അതിർത്തി പ്രദേശമായ ഒഴുകുപാറ പിന്നമുക്ക്‌ പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നതായി പരാതി. വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.

ഒഴുകുപാറ ഗവ. എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്ന പുന്നമുക്ക് ജംഗ്ഷനിലാണ് തെരുവ്‌ നായ്ക്കളുടെ അതിക്രമം ഏറെയുള്ളത്. ഇതോടെ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഭീതിയിലാണ്. ഇരുചക്രവാഹനങ്ങളുടെ കുറുകെ ചാടിയും നായ്ക്കൾ അപകടം ഉണ്ടാക്കുകയാണ്.

നായ്ക്കളെ പേടിച്ച് രാത്രികാലങ്ങളിൽ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പുലർച്ചെ മിക്ക വീടുകളുടെയും ഗേറ്റിനു മുന്നിൽ തെരുവ്‌നായ്ക്കളുടെ കൂട്ടത്തെയാണ് കാണുന്നത്.

 മത്സ്യച്ചന്തയിൽ നിന്നുള്ള മാലിന്യം വില്ലൻ

ഒഴുകുപാറ ഗവ. എൽ.പി സ്കൂളിന് എതിർവശത്തായി പുന്നമുക്കിലെ റോഡിനോട് ചേർന്ന പുറമ്പോക്കിലാണ് ചിറക്കര ഗ്രാമപഞ്ചായത്തിലെ പൊതുമത്സ്യച്ചന്ത സ്ഥിതി ചെയ്യുന്നത്. ചന്തയിൽ നിന്നുള്ള മത്സ്യവാശിഷ്ടങ്ങളും, മലിനജലവും സംസ്കരിക്കാൻ മാർഗമില്ലാത്തതാണ് പ്രദേശത്ത് തെരുവ്‌നായ്ക്കൾ രൂക്ഷമാകാൻ കാരണമാകുന്നത്. റോഡ്‌ പുറമ്പോക്കിൽ പ്രവർത്തിക്കുന്ന ചന്തയ്ക്ക് പഞ്ചായത്ത് സ്വന്തമായി സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യം ഒരുക്കണമെന്നുള്ളത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

മത്സ്യചന്ത ചിറക്കര പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സ്കൂൾ സ്ഥിതി ചെയ്യുന്നത് പരവൂർ മുനിസിപ്പാലിറ്റിയുടെ പരിധിയിലാണ്. മുനിസിപ്പാലിറ്റി അധികൃതരും പഞ്ചായത്ത് അധികൃതരും തെരുവ്‌നായ ശല്യം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറക്കര പഞ്ചായത്ത് അധികൃതർ പുന്നമുക്ക് മത്സ്യചന്തയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാലിന്യസംസ്കരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.