കൊല്ലം: വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ ആർ.എഫ് ഐ.ഡി സംവിധാനം നിലവിൽ വന്നു. ഐ.ഡി കാർഡിലെ മൈക്രോചിപ്പ് സ്‌കാൻ ചെയ്യുമ്പോൾ കുട്ടിയുടെ ഹാജർ ഡിജിറ്റലായി രേഖപ്പെടുത്തുകയും വിദ്യാർത്ഥി സ്‌കൂളിൽ എത്തിയിട്ടില്ലെങ്കിൽ രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യുന്നതുമാണ് സംവിധാനം.
ഐ.ഡി കാർഡുകളുടെ വിതരണോദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രേം ഉഷാർ, സമഗ്ര ശിക്ഷാ അഭിയാൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ. ജോസഫ് എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി നന്ദിയും പറഞ്ഞു.