oss
ക്യു.എസ്.എസ് കോളനിയിലെ ഫ്ലാറ്റുകളുടെ പുനർനിർമ്മാണത്തിനുള്ള ധാരണാപത്രം മേയർ വി. രാജേന്ദ്രബാബു തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനിയർ ബി.ടി.വി കൃഷ്ണന് കൈമാറുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സമീപം

 നിർമ്മാണ ചുമതല തീരദേശ വികസന കോർപ്പറേഷന്

 നിർമ്മാണ ചെലവ് ഫിഷറീസ് വകുപ്പും നഗസഭയും വഹിക്കും

കൊല്ലം: പള്ളിത്തോട്ടത്ത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി നിർമ്മിച്ചുനൽകിയ പഴയ ഫ്ളാറ്റുകളുടെ പുനർനിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കാൻ ധാരണയായതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.
പഴയ ഫ്ളാറ്റ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നതുകൊണ്ടാണ് പുനർനിർമ്മാണം നീണ്ടത്. പഴയ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ടെണ്ടർ വിളിച്ചിട്ടുണ്ട്. ഇതേതുടർന്ന് കൊല്ലം കോർപ്പറേഷനും തീരദേശ വികസന കോർപ്പറേഷനും തമ്മിൽ പുനർനിർമ്മാണത്തിനുള്ള കരാർ ഒപ്പിട്ടു. നിലവിലുള്ള ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കി പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കാനുള്ള ചുമതല ഫ്ലാറ്റ് നിർമ്മാണത്തിനുള്ള നോഡൽ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷനാണ്. ഫിഷറീസ് വകുപ്പും നഗരസഭയും ഫ്ലാറ്റ് നിർമ്മിക്കാനുള്ള തുക തീരദേശ കോർപ്പറേഷന് കൈമാറും.

യോഗത്തിൽ മേയർ വി. രാജേന്ദ്രബാബു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ. സത്താർ, തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനിയർ വി.ടി.ബി. കൃഷ്ണൻ, ഫിഷറീസ് അഡിഷണൽ ഡയറക്ടർ സന്ധ്യ, ഫിഷറീസ് ജോയിന്റ് സെക്രട്ടറി ഗിരിജ, ജനറൽ മാനേജർ സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

 കോളനി നിവാസികളുടെ ദുരിതം

35 വർഷത്തിലേറെ പഴക്കമുള്ള ക്യു.എസ്.എസ് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഫ്ലാറ്റുകളിലെ താമസം ദുഃസഹമായിരുന്നു. മേൽക്കൂര ഇളകി വീഴുന്നതും പതിവായി. മഴ പെയ്താൽ ഫ്ലാറ്റുകളെല്ലാം ചോർന്നൊലിച്ച് കുളമാകും. അന്തേവാസികളുടെ പരാതിയെ തുടർന്ന് ജനപ്രതിനിധി സംഘം ഫ്ലാറ്റുകൾ സന്ദർശിച്ചതോടെയാണ് പുതുക്കിപ്പണിയാൻ തീരുമാനമെടുത്തത്.

 വരുന്നത് മുട്ടത്തറ മോഡൽ ഫ്ലാറ്റുകൾ

കുറഞ്ഞത് 450 ചതുരശ്രയടി വിസ്തീർണമെങ്കിലുമുള്ള മുട്ടത്തറ മോഡൽ ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. 8 വീടുകൾ അടങ്ങിയ ജി പ്ലസ് വൺ മാതൃകയിലാകും നിർമ്മാണം. ഒരു ഫ്‌ളാറ്റിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള 179 ഫ്‌ളാറ്റുകളിൽ മത്സ്യതൊഴിലാളി, അനുബന്ധ മത്സ്യതൊഴിലാളി, പെൻഷണേഴ്‌സ് എന്നിവർക്കുള്ള 114 ഫ്‌ളാറ്റുകൾ നിർമ്മിക്കാനുള്ള 11.40 കോടി രൂപ ഫിഷറീസ് വകുപ്പ് നൽകും. ഇതര വിഭാഗങ്ങളിലുള്ള 65 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള 6.5 കോടി രൂപ നഗരസഭ നൽകും.

 ക്യു.എസ്.എസ് കോളനി

 ഫ്ളാറ്റുകളുടെ പഴക്കം 35 വർഷം

 പുനർനിർമ്മിക്കുന്ന ഫ്ളാറ്റുകൾ: 179

 8 വീടുകൾ അടങ്ങിയ ജി പ്ളസ് വൺ മാതൃക

 ഒരു ഫ്ളാറ്റിന് ചെലവ് 10 ലക്ഷം രൂപ

 450 ചതുരശ്രയടി വിസ്തീർണ്ണം

 ആകെ ചെലവ് 18 കോടിയോളം രൂപ