കൊല്ലം: പൊതുമരാമത്ത് വകുപ്പ് നടത്തുന്ന റോഡ് നിർമ്മാണങ്ങളിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ രാസ്ത എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ജില്ലയിലും വൻ ക്രമക്കേടുകൾ കണ്ടെത്തി.
ഇന്നലെ രാവിലെ 11 മുതൽ ഏനാത്ത് – പുത്തൂർ റോഡും, കരീപ്ര ജ്യോതി ഹോളോ ബ്രിക്‌സ് - നാലാം വയൽ റോഡുകളിലായിരുന്നു മിന്നൽ പരിശോധന. ഈ രണ്ട് റോഡുകളും ഗതാഗത യോഗ്യമല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഏനാത്ത്– പുത്തൂർ റോഡിൽ ഒന്നര വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളെല്ലാം തകർന്ന നിലയിലായിരുന്നു. കരീപ്ര ജ്യോതി ഹോളോ ബ്രിക്‌സ് - നാലാം വയൽറോഡ് 2016 മാർച്ചിൽ പൂർത്തിയാക്കിയതാണ്. ഈ രണ്ടുറോഡുകളിലും വെള്ളം ഒഴുകാനുള്ള ഓടകൾ ഒരുക്കാതെ അശാസ്ത്രീയമായി നിർമ്മിച്ചതിനാലാണ് വേഗത്തിൽ തകർന്നതെന്ന് വ്യക്തമായി. വരും ദിവസങ്ങളിൽ മറ്റ് റോഡുകളും പരിശോധിക്കും.
വിജിലൻസ് ഡി വൈ.എസ്.പി കെ. അശോകകുമാർ, സി.ഐ മാരായ വി.ആർ. രവികുമാർ, അൽജബാർ, പ്രമോദ്കൃഷ്ണൻ.ജെ.സി, സുധീഷ്. വി.പി, ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ജി. അനിൽ, ഹാർബർ എഞ്ചിനീയറിംഗ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അഭിലാഷ്. പി. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണി പൂർത്തിയാക്കി 2 വർഷത്തിനുള്ളിൽ തകർന്നുപോയ പൊതുമരാമത്ത് റോഡുകളുണ്ടെങ്കിൽ അറിയിക്കണമെന്ന് വിജിലൻസ് ഡി വൈ.എസ്. പി. അശോക കുമാർ അറിയിച്ചു.