പരവൂർ: കൂനയിൽ ദയാബ്ജി ജംഗ്ഷന് സമീപം മാവിൻമൂട്ടിൽ മുറിച്ചിട്ട മരത്തിന്റെ തടികളും അവശിഷ്ടങ്ങളും അപകടഭീഷണി ഉയർത്തുന്നു. ഇതുവഴിയുള്ള ഗതാഗതത്തിന് തടസമായി റോഡരികിൽ മരത്തടികൾ കൂട്ടിയിട്ടിട്ട് ആഴ്ചകളായി. നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള സ്ഥലത്താണ് അശ്രദ്ധമായി മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നത്.
അടുത്തിടെ കാറ്റത്ത് പിളർന്നുവീണ കൂറ്റൻ മാവിന്റെ തടികളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. മരം പിളർന്നുവീണതോടെ പാഴ്മരമാണെന്ന് മനസിലായ അധികൃതർ മാവ് മുറിക്കുകയും അവശിഷ്ടങ്ങൾ റോഡിന്റെ വശത്ത് കൂട്ടിയിടുകയും ചെയ്തു. എന്നാൽ തിരക്കേറിയ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാവിന്റെ തടികളും ചില്ലകളും വാഹനയാത്രയ്ക്കുൾപ്പെടെ തടസമായിരിക്കുകയാണ്. കവലയോട് ചേർന്നുകിടക്കുന്ന മരക്കഷണങ്ങളും ചില്ലകളും കവല തിരിഞ്ഞുവരുന്ന വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതിനാൽ നാട്ടുകാർ അപകടഭീഷണിയിലാണ്.
ഇതുമൂലം യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനും കഴിയുന്നില്ല. അടിയന്തരമായി തടിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.