photo
അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കന്യാജ്യോതി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സിദ്ധ ചിക്തിസാ പദ്ധതിയായ കന്യാജ്യോതിക്ക് ചവറയിൽ തുടക്കമായി. അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു.

തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എഫ്. അസുന്താമേരി മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.കെ.എസ്. സുനിത പദ്ധതി വിശദീകരിച്ചു., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദാ നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക സലിം, സിദ്ധ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.വി.ബി. വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം എം. ഇസ്മയിൽ കുഞ്ഞ്, പ്രിൻസിപ്പാൽ ജി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത 60 പെൺകുട്ടികൾക്കാണ് ചികിത്സ നൽകുന്നത്. 120 ദിവസം നീണ്ട് നിൽക്കുന്ന ചികിത്സയാണ് നൽകുന്നത്. പെൺകുട്ടികളുടെ വിളർച്ചയും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിയെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.